ന്യൂഡല്‍ഹി: കോഴിമുട്ടയുടെ വില ചില്ലറ വിപണിയില്‍ 40 ശതമാനത്തിലധികമാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചിരിക്കുന്നത് . രാജ്യത്ത് മിക്കയിടത്തും ഏഴ് രൂപയ്‌ക്ക് മുകളിലാണ് ഇപ്പോള്‍ കോഴി മുട്ടയ്‌ക്ക്. വിപണിയില്‍ കടുത്ത ക്ഷാമം ഇപ്പോള്‍ നേരിടുന്നുണ്ടെന്നും പൗള്‍ട്രി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രമേശ് കാട്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കോഴിമുട്ടയ്‌ക്ക് വിലയിട‌ിഞ്ഞത് മൂലം കര്‍ഷകര്‍ക്ക് കനത്ത നഷ്‌ടം നേരിടേണ്ടി വന്നിരുന്നു. ഇക്കാരണത്താല്‍ ഈവര്‍ഷം ഉല്‍പ്പാദനത്തില്‍ 30 ശതമാനത്തോളം കുറവുവരുത്തിയിരുന്നു. ഇതാണ് ഇക്കുറി കടുത്ത വിലക്കയറ്റത്തിന് ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷം നാല് രൂപയോളമാണ് ഒരു മുട്ടയ്‌ക്ക് കര്‍ഷകന് ലഭിച്ചത്. 3.50 രൂപയോളം ഉല്‍പ്പാദന ചിലവും വന്നിരുന്നു. നിരവധി കര്‍ഷകര്‍ ഈ രംഗത്ത് നിന്ന് പിന്മാറാന്‍ ഇത് കാരണമായി. പലരും ഉല്‍പ്പാദനം കുറച്ചു. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം പരമാവധി അഞ്ച് രൂപയ്‌ക്ക് ലഭിച്ചിരുന്ന കോഴിമുട്ടയ്‌ക്ക് ഇപ്പോള്‍ ഏഴ് രൂപയിലധികമായി മാറിയത്.