തുല്യ ജോലി ചെയ്യുന്ന ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം തുല്യകൂലി നിഷേധിക്കുന്നത് ചൂഷണത്തിലധിഷ്ഠിതമായ അടിമത്തമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം രീതി പീഡനവും അടിച്ചമര്‍ത്തലും മാത്രമല്ല അന്യായമായി ജോലി ചെയ്യിക്കുന്നതുകൂടിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തില്‍ മനുഷ്യന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്ന ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജെ.എസ് ഖെഹര്‍, എസ്.എ ബോബ്ദെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പഞ്ചാബിലെ വിവിധ സര്‍ക്കാര്‍ ജോലി ലഭിച്ച താത്കാലിക ജീവനക്കാരാണ് പരാതിയുമായി ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരും തങ്ങളും അതേ ജോലി തന്നെയാണ് ചെയ്യുന്നതെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം വളരെ കുറഞ്ഞ കൂലി മാത്രമേ ലഭിക്കുന്നുള്ളൂവെന്നുമായിരുന്നു ഇവരുടെ പരാതി.
പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്കെയിലിലുള്ള കുറഞ്ഞ ശമ്പളമെങ്കിലും നല്‍കണണെന്നും കോടതി പഞ്ചാബ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പമ്പ് ഓപ്പറേറ്റര്‍മാര്‍, ഫിറ്റര്‍മാര്‍, ഡ്രൈവര്‍, ഹെല്‍പര്‍, പ്ലംബര്‍ തുടങ്ങിയ തസ്തികയിലുള്ളവരും പരാതിക്കാരായുണ്ടായിരുന്നു.
