രാജ്യത്ത് 4ജി ടെലികോം വിപ്ലവം അരങ്ങുതകര്‍ക്കുന്നതിനിടെ ഒരുമുഴം മുന്നോട്ട് എറിഞ്ഞിരിക്കുകയാണ് എയര്‍ടെല്‍. 5ജി മൊബൈല്‍ സേവനങ്ങള്‍ നല്‍കാന്‍ എയര്‍ടെല്ലുമായി ധാരണയിലെത്തിയെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സന്‍ ഇന്ന് വെളിപ്പെടുത്തി. ലോകത്താകമാനം 36 കമ്പനികളുമായി തങ്ങള്‍ ധാരണയിലെത്തിയിട്ടുന്നെന്നും ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കായി എയര്‍ടെല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് എറിക്സന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നുന്‍സിയോ മ്രിട്ടില്ലോ അറിയിച്ചത്. ഇരു കമ്പനികളുടെയും പദ്ധതികളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് അദ്ദേഹം തയ്യാറായില്ല. നിലവില്‍ 4ജി സേവനങ്ങള്‍ക്കായി എറിക്സന്‍-എയര്‍ടെല്‍ സഹകരണമുണ്ട്. 2020ഓടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. 5ജി ഉപകരണങ്ങളും കമ്പനി പ്രദര്‍ശിപ്പിച്ചു. 2026ഓടെ രാജ്യത്ത് 27.3 ബില്യന്‍ ഡോളറിന്റെ വിപണി സാധ്യതകള്‍ ടെലികോം മേഖലയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് 5ജി വഹിക്കുന്ന പങ്ക് എത്രയാകുമെന്നതാണ് ഇനി കണ്ടറിയാനുള്ളത്.