ന്യൂ ഡല്‍ഹി: ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ട് തുറന്ന സംഭവത്തില്‍ മൊബൈല്‍ കമ്പനിയായ എയര്‍ടെലിനോട് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി വിശദീകരണം തേടി. ഡിസംബര്‍ നാലിനകം ഇക്കാര്യം വിശദീകരിക്കണമെന്നാണ് എയര്‍ടെലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാനായി ആധാര്‍ നമ്പര്‍ വാങ്ങിയ ശേഷം ഉപഭോക്താക്കള്‍ അറിയാതെ പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്നാണ് പരാതി.

എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് വ്യക്തമായ അനുമതി വാങ്ങിയ ശേഷമാണ് അക്കൗണ്ടുകള്‍ തുറന്നതെന്നാണ് എയര്‍ടെലിന്റെ വാദം. ഇക്കാര്യത്തില്‍ സമയബന്ധിതമായി യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിക്ക് വിശദീകരണം നല്‍കുമെന്നും കമ്പനി പ്രതിനിധികള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനെണെന്ന് പറയാതെ ഉപഭോക്തക്കളെ കൊണ്ട് അനുമതി വാങ്ങിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ആധാര്‍ മൊബൈലുമായി ബന്ധിപ്പിക്കാനാണെന്ന് പറഞ്ഞ് ഇതിനുള്ള അനുമതി കൂടി വാങ്ങുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ആധാര്‍ നമ്പര്‍ നല്‍കിയ ശേഷം വിരലടയാളം പോലുള്ള ബയോമെട്രിക് തെളിവ് കൂടി നല്‍കിയാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. എന്നാല്‍ അക്കൗണ്ടുടമകള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല.

അവസാനമായി ആധാര്‍ ബന്ധിപ്പിക്കപ്പെട്ട അക്കൗണ്ടിലേക്കാവും പാചക വാതക സബ്‍സിഡി നിക്ഷേപിക്കപ്പെടുകയെന്നതിനാല്‍ സബ്‍സിഡി പണം പഴയ അക്കൗണ്ടില്‍ കിട്ടാതായപ്പോഴാണ് പലരും തങ്ങളുടെ പുതിയ അക്കൗണ്ടിനെക്കുറിച്ച് അറിഞ്ഞത്.