സ്പെയിനിലെ ബാഴ്സലോണ, മാഡ്രിഡ്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ എന്നിവ കാര്‍പ്പന്തുകളി പ്രേമികള്‍ക്ക് വെറും നഗരങ്ങളല്ല. മറില്ല ഫുഡ്ബോളിന്റെ സ്വര്‍ഗങ്ങളാണ്. ഫിഫയുടെ അണ്ടര്‍ 17 ലോക കപ്പ് വിരുന്നെത്തുന്നതോടെ കൊച്ചിയും ഈ നഗരങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ന്നേക്കും. അന്താരാഷ്ട്ര ഫുഡ്ബോള്‍ മാപ്പില്‍ ഉള്‍പ്പെടുന്നതോടെ കൊച്ചിയുടെ പ്രശസ്തിയും രാജ്യാന്തര തലത്തില്‍ വര്‍ദ്ധിക്കും. അറബിക്കടലിന്റെ റാണി ലോക ടൂറിസം ഭൂപടത്തിലും ഇടംപിടിയ്ക്കും. കൊച്ചിയുടെ ബ്രാന്റിങിനായുള്ള പദ്ധതികള്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഫിഫ തയ്യാറാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്ക് പുറമെ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നീ മേഖലകളുടെ വികസനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഫിഫ മുന്നോട്ടുവെയ്ക്കുന്നു. 

ലോക കപ്പിന് മുമ്പ് തന്നെ കൊച്ചി മെട്രോ ഓടിത്തുടങ്ങുമെന്നതിനാല്‍ കൊച്ചിയുടെ മുഖഛായ തന്നെ മാറും. നഗരത്തിലെത്തുന്ന ഫുഡ്ബോള്‍ ആരാധകരുടെ സഞ്ചാരവും അനായാസമാകും. യൂറോപ്പില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നു കൂടുതല്‍ ഫുഡ്ബോള്‍ ആരാധകരെത്തിയാല്‍ ടൂറിസം മേഖലയിലെ വരുമാനം ഇരട്ടിയാവും. ഫുഡ്ബോള്‍ മാമാങ്കത്തിന് മുമ്പ് നഗരത്തിലും മോടിപിടിപ്പിക്കലുണ്ടാവും. ഇതോടെ പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.