ദില്ലി: ആധുനികവത്കരണം ഉള്‍പ്പെടയുള്ള അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതികള്‍ക്കായി 26.84 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് സൈന്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചൈനയും പാകിസ്ഥാനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അടിമുടി പരിഷ്കരിച്ച് ആധുനിക ആയുധങ്ങള്‍ അടക്കം സജ്ജീകരിക്കാന്‍ സൈന്യം പദ്ധതി തയ്യാറാക്കിയത്.

2017 മുതല്‍ 2022 വരെയുള്ള 13ാം പ്രതിരോധ പഞ്ചവത്സര പദ്ധതിയുടെ രൂപരേഖയാണ് സൈന്യം സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ഡിആര്‍ഡിഒ അടക്കമുള്ള സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി രേഖ സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഓരോ സമയത്തും നിലനില്‍ക്കുന്ന സുരക്ഷാ ഭീഷണികളും മറ്റ് സാഹചര്യങ്ങളും കണിക്കെലെടുത്താണ് സൈന്യം പ്രതിരോധ പഞ്ചവത്സര പദ്ധതികള്‍ തയ്യാറാക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ പഞ്ചവത്സര പദ്ധതികളും ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നടപ്പാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യം കണിക്കിലെടുത്ത് അതീവ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ കാണുന്നത്. 26,83,924 കോടിയാണ് ഇത്തവണ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ അതീവ പ്രാധാന്യത്തോടെയാണ് പ്രതിരോധ പദ്ധതികളെ കാണുന്നതെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.

ആയുധശേഖരത്തില്‍ കുറവ് വരുന്ന സന്ദര്‍ഭങ്ങളില്‍ അത് വിലയിരുത്തി സൈന്യത്തിന് തന്നെ പുതിയത് വാങ്ങാനുള്ള അധികാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏകദേശം 40,000 കോടിയോളം രൂപ ഇങ്ങനെ സൈന്യത്തിന് അനുവദിക്കുമെന്നാണ് ചില മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016 സെപ്തംബറില്‍ ഉറിയില്‍ നടന്ന ഭീകരാക്രണം സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകളെ തുടര്‍ന്നാണ് ഈ തീരുമാനം.