ദുബായ്: യുഎഇയില്‍ ഈ മാസം അവസാനം തുടര്‍ച്ചയായി അവധികള്‍ വരുന്ന സാഹചര്യത്തില്‍ പ്രവാസികളില്‍ പലരും നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. നവംബര്‍ 30 വ്യാഴാഴ്ച രക്തസാക്ഷി ദിനമാണ്. തുടര്‍ന്നു വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയും. തുടര്‍ന്ന് ഡിസംബര്‍ മൂന്ന് ഞായറാഴ്ച ദേശീയദിനമാണ്. ഇതടക്കം നാലു അവധിദിനങ്ങളാണ് ഒന്നിച്ചു വരുന്നത്‌. സാധാരണ അവധി ദിനങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കൂടാറുണ്ടെങ്കിലും ഇത്തവണ വലിയ വര്‍ദ്ധനവില്ല. എന്നാല്‍ നവംബര്‍ 25ന് ദുബായ് തിരുവനന്തപുരം സെക്ടറില്‍ 6000 രൂപയ്‌ക്ക് വരെ ടിക്കറ്റുണ്ടെങ്കില്‍ 29ന് അത് 12,000 രൂപയോളമായിട്ടുണ്ട്. തിരക്ക് കൂടിയാല്‍ ഇനിയും നിരക്ക് ഉയരും. പുതുവര്‍ഷപ്പുലരിയുടെ മുന്നോടിയും ഇതുപോലെ നാലു അവധി ദിനങ്ങള്‍ക്ക് വീണ്ടും സാധ്യതയുണ്ട്. ഡിസംബര്‍ 28 മുതല്‍ അഞ്ചു ദിവസം അവധി കിട്ടും. പുതുവര്‍ഷ സമയത്തെ തിരക്ക് കണക്കിലെടുത്ത് വിമാന കമ്പനികള്‍ സാധാരണ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ കൂട്ടാറുണ്ട്.