മുംബൈ: യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇ‍ടിഞ്ഞു. വ്യാഴാഴ്ച 28 പൈസ താണ് 68.84 രൂപയെന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രണ്ട് പൈസ കൂടി മൂല്യത്തകര്‍ച്ച നേരിട്ടാല്‍ എക്കാലത്തേയും ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയിലേക്കാണ് രൂപ വീഴുക. 2013 ഓഗസ്റ്റില്‍ 68.85 രൂപയിലെത്തിയതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസ നഷ്ടമായശേഷം 68.56ല്‍ നില്‍ക്കവെയാണ് വ്യാപാരം അവസാനിച്ചത്. രാജ്യത്തെ നോട്ട് നിരോധനത്തിന് പുറമെ ആഗോള വിപണിയില്‍ ഡോളറിന്റെ കുതിച്ചുചാട്ടവും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കി. അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 2.92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പുറത്തേക്കുള്ള പ്രവാഹവും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഓഹരി വിറ്റൊഴിക്കലുമാണ് രൂപയെ തളര്‍ത്തുന്നത്. ആഗോള കറന്‍സികള്‍ക്ക് ഇടയില്‍ ഡോളര്‍ 14 വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. നവംബര്‍ 8ന് പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതാണ് കണ്ടത്. 12,000 കോടിരൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് ഈ കാലയളവിന് ഇടയില്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. രൂപയ്ക്ക് മേല്‍ കടുത്ത ആഘാതമാണ് ഈ വിറ്റൊഴിക്കല്‍ ഏല്‍പിച്ചത്.