മുംബൈ: 2014-ന് ശേഷം ഇതാദ്യമായി മുംബൈ നഗരത്തില്‍ പെട്രോള്‍ വില 80 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാണ് ഇന്ന് മുംബൈയിലെ വില.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 72.23 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഇന്ന് അന്‍പത് പൈസയുടെ വര്‍ധനയാണ് പെട്രോളിനുണ്ടായിരിക്കുന്നത്. ലിറ്ററിന് 76.10 ആണ് ഇന്നത്തെ വില. ആറ് മാസം മുന്‍പ് 68.48 രൂപ ആയിരുന്ന സ്ഥാനത്താണിത്. ആഗോളമാര്‍ക്കറ്റില്‍ വില വര്‍ധിക്കുന്ന സാഹചര്യം കുറച്ചു കാലം കൂടി തുടരാനാണ് സാധ്യത എന്നതിനാല്‍ കേരളത്തിലെ പെട്രോള്‍ വില വൈകാതെ തന്നെ 90 കടക്കാന്‍ സാധ്യതയുണ്ട്.

അതേസമയം ഈയാഴ്ച്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ധനവില ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടു വരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ജിഎസ്ടിക്ക് കീഴിലേക്ക് വില കൊണ്ടു വരുന്നതോടെ ക്രമാതീതമായ എണ്ണവിലക്കയറ്റം തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനോട് അനുകൂല നിലപാടല്ല സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത്. 

രാജ്യാന്തരവിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെയാണ് ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കാന്‍ വഴി തുറന്നത്. അമേരിക്കയുടെ ഷെല്‍ ഓയില്‍ സൃഷ്ടിച്ച വെല്ലുവിളി നേരിടാന്‍ ഇത്രയും വര്‍ഷം വില കുറച്ചു നിര്‍ത്തിയ എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഇപ്പോള്‍ കുറച്ചു കാലമായി കുത്തനെ വില ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. ബാരലിന് 68 ഡോളറാണ് ആഗോളവിപണിയില്‍ ഇന്ന് ക്രൂ‍ഡോയിലിന്‍റെ വില.