2017 - 18 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ച 7.7 ശതമാനമായിരുന്നു

ദില്ലി: അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്‍വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് മൊത്ത ആഭ്യന്തര ഉദ്പാദനത്തില്‍ (ജിഡിപി) ഇരട്ടയക്ക വളര്‍ച്ച ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2017 - 18 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ച 7.7 ശതമാനത്തിലെത്തിയിരുന്നു.

ജിഡിപിയില്‍ 8 ന് അപ്പുറത്തേക്ക് വളര്‍ച്ച മുന്നേറുകയും അത് ഇരട്ടയക്കത്തിലെത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകവ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് ഇരട്ടിപ്പിച്ച് 3.4 ശതമാനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ വാണിജ്യ മന്ത്രാലത്തിന്‍റെ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ തറക്കല്ലിടല്‍ പരിപാടിയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജിഎസ്ടിയുടെ നടത്തിപ്പില്‍ ഇന്ത്യ വളരെയധികം മുന്നേറ്റം നേടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ വാണിജ്യ നികുതി വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 54 ലക്ഷം പുതിയ നികുതിദായകരാണ് ജിഎസ്ടിക്ക് കീഴിലെത്തിയത്. പരോക്ഷ നികുതിദായകരുടെ എണ്ണം ഒരു കോടിക്ക് മുകളിലെത്തിയിട്ടുണ്ട്. ജിഎസ്ടിക്ക് മുന്‍പ് 60 ലക്ഷം പരോക്ഷ നികുതിദായകര്‍ മാത്രമാണ് വാണിജ്യ നികുതി രജിസ്ട്രേഷന് കീഴിലുണ്ടായിരുന്നത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച നിരക്കില്‍ 7.5 ശതമാനത്തിനടുത്ത് എത്തുമെന്നാണ് റിസര്‍വ് ബാങ്ക് അടക്കമുളള ഏജന്‍സികളുടെ കണ്ടെത്തല്‍.