പദ്ധതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നാണ് ഗോദ്റെജിന്റെ പ്രധാന ആവശ്യം.

മുംബൈ: മോദി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനെതിരെ വ്യവസായ ഭീമന്‍ ഗോദറജ് ഗ്രൂപ്പ് കോടതിയിലേക്ക്. 500 കോടി രൂപ മൂല്യമുള്ള തങ്ങളുടെ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കമ്പനി മുംബൈ ഹൈക്കോടതിയെ സമീപിക്കുന്നത്.

പദ്ധതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നാണ് ഗോദ്റെജിന്റെ പ്രധാന ആവശ്യം. അങ്ങനെയെങ്കില്‍ തങ്ങളുടെ 8.6 ഏക്കര്‍ സ്ഥലം സര്‍ക്കാറിന് കൈമാറേണ്ടിവരില്ലെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതില്‍ അനുകൂല ഇടപെടല്‍ പ്രതീക്ഷിച്ചാണ് കോടതിയിലേക്ക് നീങ്ങുന്നത്. ബുള്ളറ്റ് ട്രെയിനിനായി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്‍മെന്റ് അനുസരിച്ച് മുംബൈ മുതല്‍ അഹമ്മദാബാദ് വരെ 508.17 കിലോമീറ്റര്‍ റെയില്‍ ട്രാക്കാണ് നിര്‍മ്മിക്കുന്നത്.ഇതില്‍ 21 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങളാണ്. തുരങ്കത്തിലേക്കുള്ള പ്രവേശന കവാടം ഗോദ്റെജിന്റെ ഉടമസ്ഥതയുള്ള ഭൂമിയില്‍ വരുത്ത തരത്തിലാണ് പദ്ധതിയുടെ പ്ലാന്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഗോദ്റജ് ഇടഞ്ഞുനില്‍ക്കുന്നതോടെ ഒന്നുകില്‍ അലൈന്‍മെന്റ് മാറ്റുകയോ അല്ലെങ്കില്‍ മഹാരാഷ്ട്ര ഭൂമി ഏറ്റെടുക്കല്‍ നിയമം പ്രയോഗിച്ച് ബലമായി സ്ഥലം ഏറ്റെടുക്കയോ ചെയ്യേണ്ടിവരും. ഭൂമി നഷ്ടമാകുന്ന ഭീതിയെതുടര്‍ന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 7000ലധികം കര്‍ഷകര്‍ ഇപ്പോള്‍ തന്നെ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.