കഴിഞ്ഞ ഒരു മാസത്തെ കണക്കനുസരിച്ച് ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ സ്വര്‍ണ്ണ വ്യാപാരം. അമേരിക്കയില്‍ നികുതി ഘടനയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് വില വര്‍ദ്ധിക്കുന്നതിന് കാരണമായി പറയുന്നത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1293.53 ഡോളറായിരുന്നു ശനിയാഴ്ചത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ച 1282 ഡോളറായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഏകദേശം 1.20 ശതമാനത്തോളം വില കൂടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ദിവസം ഇത്രയധികം വില വര്‍ദ്ധിക്കുന്നതും ശനിയാഴ്ചയാണ്. കഴിഞ്ഞയാഴ്ച മൊത്തത്തില്‍ 1.30 ശതമാനം വില കൂടിയിരുന്നു.

സംസ്ഥാന വിപണിയില്‍ പവന് 22,360 രൂപയിലും ഗ്രാമിന് 2795 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ മാത്രം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിവ വര്‍ദ്ധനവ് ഇനിയും തുടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.