ഹൂസ്റ്റണ്‍: ഇന്ത്യക്കാരനായ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ കഴിഞ്ഞ വര്‍ഷം വാങ്ങിയ ശമ്പളത്തിന്റെ കണക്കുകള്‍ പുറത്ത്. 650,000 ഡോളറായിരുന്നു 2016ല്‍ അദ്ദേഹം കൈപ്പറ്റിയത്. ഏകദേശം 41,779,075 ഇന്ത്യന്‍ രൂപ വരും ഇത്. എന്നാല്‍ 2015ല്‍ പിച്ചൈ വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാണിത്. 652,500 ഡോളറായിരുന്നത്രെ മുന്‍ വര്‍ഷത്തെ ശമ്പളം.

2015 ഓഗസ്റ്റിലാണ് ഗൂഗിളിലെ പുനഃസംഘടനയിലൂടെ സുന്ദര്‍ പിച്ചൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറുന്നത്. ശമ്പളം കുറച്ചെങ്കിലും പ്രവര്‍ത്തന മികവിന് പകരമായി ഗൂഗിളിന്റെ 198.7 മില്യന്‍ ഡോളറിന്റെ ഓഹരികളാണ് അദ്ദേഹത്തിന് കമ്പനി നല്‍കിയത്. 2015ല്‍ 99.8 മില്യന്‍ ഡോളറിന്റെ ഓഹരികളായിരുന്നു കമ്പനി സുന്ദര്‍ പിച്ചൈയ്ക്ക് സമ്മാനിച്ചത്. വിപണിയില്‍ വിജയം കൊയ്ത ഒട്ടേറെ ഉല്‍പ്പന്നങ്ങളാണ് സുന്ദര്‍ പിച്ചൈക്ക് കമ്പനിയുടെ നായക സ്ഥാനത്ത് എത്തിയതിന് ശേഷം പുറത്തിറങ്ങിയത്. യുട്യൂബ് അടക്കമുള്ളവയില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍.