ദില്ലി: നിലവിലുള്ള മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിച്ചു. എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും കേന്ദ്ര ടെലികോം മന്ത്രാലയം ഇന്ന് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. മൊബൈല്‍ കണക്ഷനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം നല്‍കുമോയെന്ന് സുപ്രീം കോടതി ഇന്ന് ആരാഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അടുത്ത തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കും. ഡിസംബര്‍ 31 ആണ് ഇപ്പോഴത്തെ നിലയില്‍ മൊബൈല്‍ കണക്ഷനുകളും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി.
ശാരീരിക അവശതകളുള്ളതും കിടപ്പിലായവരുമായ ഉപഭോക്താക്കളുടെ വീട്ടില്‍ ടെലികോം കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ട് പോയി ആധാര്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് സര്‍ക്കാറിന്റെ പ്രധാന നിര്‍ദ്ദേശം. മറ്റുള്ളവര്‍ക്കും ഒരു വണ്‍ ടൈം പാസ്‍വേഡ് ഉപയോഗിച്ച് മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഐ.വി ആര്‍ കോളുകളിലൂടെയോ സ്വന്തമായിത്തന്നെ ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസരം നല്‍കണം. വിരലടയാളങ്ങള്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടുള്ളവരുടെ കണ്ണിന്റെ ചിത്രം പരിശോധിക്കണം. വിവിധ കാരണങ്ങള്‍കൊണ്ട് മൊബൈല്‍ കമ്പനികളുടെ ഓഫീസുകളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ടെലികോം മന്ത്രാലയം അയച്ച സര്‍ക്കുലറില്‍ പറയുന്നത്.
ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ കണക്ഷനുകള്‍ വെരിഫൈ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ കമ്പനി പ്രതിനിധിയുടെ ഫോണില്‍ ദൃശ്യമാക്കരുത്. ഉപയോക്താക്കളുടെ ഒരു വിവരവും കമ്പനിയുടെ ഏജന്റുമാരുടെ ഉപകരണങ്ങളില്‍ സൂക്ഷിക്കപ്പെടാനും ഇടയാവരുതെന്നും ടെലികോം മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. രാജ്യത്ത് നിലവില്‍ 50 കോടിയോളം ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ ഉപയോക്താക്കലുടെ ചിത്രം അടക്കമുള്ളവ കമ്പനി ഏജന്റിന്റെ ഫോണില്‍ തെളിയുന്ന തരത്തിലാണ് നിലവില്‍ വിവിധ കമ്പനികള്‍ ആധാര്‍ പരിശോധന നടത്തുന്നത്.
