ന്യൂഡല്‍ഹി: വിമാന ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ചില എയര്‍ലൈനുകള്‍ വന്‍തുക ഈടാക്കുന്നുന്നെന്ന പരാതികള്‍ പരിശോധിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ടിക്കറ്റ് റദ്ദാക്കാന്‍ 3000 രൂപയോളം ഈടാക്കുന്നത് വളരെ കൂടുതലാണെന്ന് പറഞ്ഞ സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ഇത് കുറയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതി അനുസരിച്ച് ഒരു മണിക്കൂര്‍ ആഭ്യന്തര വിമാന യാത്രയ്ക്ക് 2500 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നാണ് നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ പല എയര്‍ലൈനുകളും ഇതിനേക്കാള്‍ വലിയ തുകയാണ് ടിക്കറ്റ് റദ്ദാക്കാന്‍ വാങ്ങുന്നത്. ഇന്‍ഡിഗോ എയര്‍ലൈനാണ് ക്യാന്‍സലേഷന്‍ ചാര്‍ജ്ജ് ആദ്യം കൂട്ടിയത്. 2016 ജനുവരിയില്‍ 1250 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആഭ്യന്തര യാത്രകള്‍ക്ക് 3000ഉം അന്താരാഷ്ട്ര യാത്രകള്‍ക്ക് 3500ഉം ആണ് ഇന്‍ഡിഗോ ഈടാക്കുന്നത്.
2016 ജനുവരിയില്‍ അഭ്യന്തര ടിക്കറ്റുകള്‍ റദ്ദാക്കാന്‍ 1800 രൂപയും അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ റദ്ദാക്കാന്‍ 2349 രൂപയുമാണ് സ്പൈസ് ജെറ്റ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ക്യാന്‍സലേഷന്‍ ചാര്‍ജ്ജുകള്‍ കൂട്ടിയതിന് പിന്നാലെ സ്പൈസ് ജെറ്റും യഥാക്രമം 2250, 2500 എന്നിങ്ങനെ നിരക്ക് വര്‍ദ്ധിപ്പിച്ചു. തൊട്ടു പിന്നാലെ വീണ്ടും 3000, 3500 എന്നിങ്ങനെയാക്കി ഉയര്‍ത്തുകയും ചെയ്തു. 4000 രൂപ വരെയാണ് വിസ്താര എയര്‍ലൈന്‍ ഈ ഇനത്തില്‍ വാങ്ങുന്നത്.
