ന്യൂഡല്‍ഹി: കൂടുതല്‍ ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതി കുറയ്‌ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടുത്ത ഘട്ടത്തില്‍ വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ നികുതി കുറയ്‌ക്കാനാണ് നീക്കം. ജിഎസ്ടിയ്‌ക്ക് ശേഷം വില്‍പ്പന ഇടിഞ്ഞ കണ്‍സ്യൂമര്‍ മേഖലയെ കൈപിടിച്ച് ഉയര്‍ത്താനാണ് നടപടി. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാവും ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക.
നിത്യോപയോഗ സാധനങ്ങളുടെ ചരക്ക് സേവന നികുതി കുറച്ച ജി.എസ്.ടി കൗണ്‍സിലിന്റെ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് 18 ശതമാനം വരെ ജി.എസ്.ടി ഈടാക്കിയിരുന്നത് അഞ്ച് ശതമാനമാക്കി കുറച്ചത് കച്ചവടം ഉയര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോള്‍ 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെയും നികുതി പടിപടിയായി കുറയ്‌ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഗൃഹോപകരണങ്ങളുടെ നികുതിയാവും അടുത്ത ഘട്ടത്തില്‍ കുറയ്‌ക്കുക. റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, അടുക്കള ഉപകരണങ്ങള്‍, എ.സി തുടങ്ങിയവയ്‌ക്കെല്ലാം നിലവില്‍ 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. ഇത് 18 ശതമാനമായി കുറയ്‌ക്കാനാണ് ആലോചന.
ചരക്ക് സേവന നികുതിയില്‍ ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെട്ടതോടെ രാജ്യത്തെ ഗൃഹോപകരണ വിപണി ഇപ്പോള്‍ മാന്ദ്യത്തിലാണ്. നികുതി വര്‍ദ്ധിച്ച് വില കൂടിയതോടെ കുടുംബങ്ങള്‍ വിപണിയില്‍ നിന്ന് അകന്നു. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്‌ക്കുന്നതോടെ നഷ്‌ടപ്പെട്ട ഈ വിപണി തിരിച്ചുപിടിയ്‌ക്കാമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത മാസം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാവും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്‌ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
