ദില്ലി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ജിഡിപി വളര്‍ച്ച നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ സാമ്പത്തിക ഉത്തേജനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പെട്രോള്‍-ഡീസല്‍ എന്നിവയെ ജിഎസ്ടിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.
പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തും. കയറ്റുമതിക്കാര്‍ക്കും ചെറുകിട ഇടത്തരം വ്യവസായികള്‍ക്കും നികുതി അടയ്ക്കുന്നതിനുള്ള മാര്‍ഗം എളുപ്പത്തിലാക്കും. ജിഎസ്ടി നടപ്പാക്കിയിട്ട് ഞായറാഴ്ച്ച 100 ദിവസം തികയുന്ന സാഹചര്യത്തില്‍ നികുതിയെക്കുറിച്ചുള്ള അവലോകനവും 22ആം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലുണ്ടാകും
