കൊച്ചി: അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ രാജ്യം ചരക്കു സേവന നികുതിയിലേക്കു (ജിഎസ്ടി) മാറുന്നതിനാല്‍ സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വ്യാപാരികള്‍ ജനുവരി 15നു മുന്‍പു ജിഎസ്ടി ശൃംഖലയിലേക്കു വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം. വാണിജ്യ നികുതി വകുപ്പ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ജിഎസ്രടി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കൈവരിക്കുന്നതിനായാണ് കേരളം രജ്സട്രേഷന്‍ നടപടികള്‍ വേഗത്തിവാക്കുന്നത്. നിലവില്‍ റജിസ്‌ട്രേഷനുള്ള എല്ലാ വ്യാപാരികളും ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിക്കണം. വാണിജ്യ നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്‌സൈറ്റില്‍ യൂസര്‍ നെയിം നല്‍കിയാല്‍ ജിഎസ്ടി എന്റോള്‍മെന്റിനുള്ള താല്‍ക്കാലിക യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. ഇതുപയോഗിച്ചു www.gst.gov.in എന്ന ജിഎസ്ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം സ്ഥിരമായ യൂസര്‍നെയിം ഉണ്ടാക്കാം.
ഇതിനു ശേഷമാണു വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടത്. ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചു വിവരങ്ങള്‍ക്കു സാധുത വരുത്തുകയും വേണം. അംഗീകൃത ഏജന്‍സികള്‍ വഴി ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ തുച്ഛമായ വിലയ്ക്കു വാങ്ങാം. വ്യാപാരികളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസുകളില്‍ സഹായ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
