ഇന്ത്യന്‍ നിരത്തിലെ ആധിപത്യം ഉറപ്പിക്കാന്‍ അമേരിക്കന്‍ നിരത്തിലെ രാജകുമാരന്‍ ഹാര്‍ലി ഡേവിഡ്‌സന്‍റെ പുതിയ റോഡ്സ്റ്റര്‍ വരുന്നു. സ്‌പോര്‍ട്സ്റ്റര്‍ ശ്രേണിയിലെ 1200 കസ്റ്റം, അയണ്‍ 883, ഫോര്‍ട്ടി എയിറ്റ് എന്നീ തലമുതിര്‍ന്ന മോഡലുകള്‍ക്കു പുറമേയാണ് കൂടുതല്‍ കരുത്തുമായി ഇരുചക്രവാഹന രാജകുമാരന്‍റെ ഇളമുറക്കാരനെ ഹാര്‍ലി ഇന്ത്യന്‍ നിരത്തില്‍ അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം ആദ്യമായിരുന്നു 1200 കസ്റ്റം മോഡല്‍ ഹാര്‍ലി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 8.9 ലക്ഷമായിരുന്നു വിപണി വില. എന്നാല്‍ പുത്തന്‍ റോഡ്സ്റ്ററിന് വില അല്‍പ്പം കൂടും. 9.5 ലക്ഷത്തിലായിരിക്കും തുടക്കം.

പുതിയ റോഡ്സ്റ്ററിന് 1200 സി സി എയര്‍ കൂള്‍ഡ് വി ട്വിന്‍ എഞ്ചിന്‍ കരുത്ത് പകരും. 3750 ആര്‍പിഎമ്മില്‍ പരമാവധി 103 എന്‍എം ആണ് ടോക്ക്. 1506 എംഎം വീൽബെയ്സും 2184 എംഎം നീളവും 152 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുള്ള ബൈക്കാണ് റോഡ്സ്റ്റർ. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വീലുകൾ ഉപയോഗിക്കുന്ന ബൈക്കിൽ ട്വിൻ എക്സ്ഹോസ്റ്റുകൾ, എച്ച് ഡി സ്മാർട്ട് സെക്യൂരിറ്റി സിസ്റ്റം, എബിഎസ് തുടങ്ങിയ സാങ്കേതിക വിദ്യകളുമുണ്ട്.

ലോവര്‍ ഹാന്റില്‍ ബാറുകള്‍. മാസീവ് ട്രിപ്പിള്‍ ക്ലാമ്പ്‌സിനൊപ്പം 43 എം.എം ഇന്‍വര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്ക്. ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഇമല്‍ഷന്‍ കോയിലോവര്‍ ഷോക്ക്, ചോപ്ഡ് റിയര്‍ ഫെന്റര്‍, പ്രീമിയം റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവയും റോഡ്സ്റ്ററിന്റെ പ്രധാന സവിശേഷതകളാണ്.

ദൂരയാത്രകള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ഒരുക്കിയ സപോര്‍ട്ടി സീറ്റ് റോഡ്സ്റ്ററിന് രാജകീയ ലുക്ക് നല്‍കുന്നു.

ബ്ലാക്ക് ഡെനിം, വിവിഡ് ബ്ലാക്ക്, വെലോസിറ്റി റെഡ് സണ്‍ഗ്ലോ, ബിലെറ്റ് സില്‍വര്‍/വിവിഡ് ബ്ലാക്ക് എന്നീ നാലു നിറങ്ങളില്‍ ലഭ്യമാകുന്ന റോഡ്സ്റ്റര്‍ നവംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.