ആര്‍.ബി.എല്‍ ബാങ്ക് എന്ന സ്വകാര്യ ബാങ്കിലാണ് ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്ദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ഉള്ളത്. ഇവിടെ നിന്ന് ഡോളറിലാണ് ഓരോരുത്തര്‍ക്കും ശമ്പളം വിതരണം ചെയ്യുന്നത്. ഇത് മുടങ്ങിയെന്നാണ് ആരോപണം. ഇന്ത്യന്‍ സര്‍ക്കാര്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത് കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം മുടങ്ങിയതെന്നായിരുന്നു ഉദ്ദ്യോഗസ്ഥര്‍ ആരോപിച്ചത്. ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്നും ഇതിന്റെ പ്രത്യാഘാതം പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ അനുഭവിക്കുമെന്നും പാകിസ്ഥാന്‍ നിലപാടെടുത്തു. 

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബാങ്കും ഹൈക്കമ്മീഷനും തമ്മിലുള്ള പ്രശ്നമായിരിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ല. നയതന്ത്ര പരിരക്ഷയുള്ള ജീവനക്കാര്‍ക്ക് നികുതി അടയ്ക്കാതെ തന്നെ അവരുടെ ശമ്പളം പിന്‍വലിക്കാം. 5000 ഡോളറിന് മുകളില്‍ പിന്‍വലിക്കുന്നവര്‍ കാരണം വ്യക്തമാക്കണമെന്നാണ് ചട്ടം. എന്നാല്‍ ശമ്പളത്തില്‍ നിന്ന് എത്ര പണം പിന്‍വലിച്ചാലും ഇന്ത്യ കാരണം ചോദിക്കുന്നുവെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.

സംഭവം അന്താരാഷ്ട്ര തലത്തിലെ വിവാദമായതോടെ ബാങ്ക് പ്രശ്നം പരിഹരിച്ചെന്നാണ് സൂചന. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഡോളറിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇതാവാം ബാങ്കിന് ഡോളര്‍ ലഭ്യമാക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.