എഴുപതാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കുകയാണ് ഭാരതം. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടക്കുമ്പോഴും, ഇന്ത്യന്‍ പൗരന്മാര്‍ എല്ലാത്തരത്തിലും സ്വതന്ത്രരായോ എന്ന ചര്‍ച്ചയും സജീവമാകുന്നുണ്ട്. അതിനേക്കാള്‍ ഉപരി ലഭിച്ച സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കാന്‍ എത്രപേര്‍ക്ക് സാധിക്കുന്നുണ്ട് എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു. പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ ഹെഡ്ജ് ഇക്വിറ്റീസിന് ചോദിക്കാനുള്ളതും ഈ ചോദ്യമാണ്. നമ്മുടെ നാട്ടില്‍ എത്രത്തോളം പേര്‍ക്ക് സാമ്പത്തിക സ്വാതന്ത്യം ആസ്വദിക്കാനാകുന്നുണ്ട്. 100 ശതമാനം സാക്ഷരത കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തിന് പോലും പൂര്‍ണമായ സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് ഇനിയുമേറെ ദൂരം പോകാനുണ്ട്.

സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ കൃത്യമായ പദ്ധതികള്‍ ആവശ്യമാണ്. കൃത്യതയാര്‍ന്ന നിക്ഷേപ പദ്ധതികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയിലൊക്കെ ശരിയായ ആസൂത്രണവും നിര്‍വ്വഹണവും ഉണ്ടെങ്കില്‍ മാത്രമെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എത്താനാകൂ. ഈ അവസരത്തിലാണ് ഹെഡ്ജ് ഇക്വറ്റീസ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനുവേണ്ടി ചുവടുവെയ്‌ക്കുന്നത്. അനവധി സമരപോരാളികളുടെ ത്യാഗനിര്‍ഭരമായ ജീവിതമാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. അതുപോലെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി ശരിക്കുമൊരു പോരാളിയാകാന്‍ തയ്യാറെടുക്കുകയാണ് ഹെഡ്ജ് ഇക്വറ്റീസ്. ഇതിന്റെ ഭാഗമായി ഹെഡ്ജ് ഇക്വറ്റീസ് വിപുലമായ പ്രചരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാറിയ ജീവിതസാഹചര്യത്തില്‍ ചെലവ് അധികരിക്കുന്നതും, സമ്പാദ്യം കുറയുന്നതുമായ അവസ്ഥയാണ് പ്രധാനമായും ഹെഡ്ജ് ഗേറ്റ്‌വേ ടു ഫിനാന്‍ഷ്യല്‍ ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന പ്രചരണത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിന് 45 ദിവസം മുമ്പ് തുടങ്ങിയ പ്രചരണ പരിപാടി സ്‌കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായി ഇതിനോടകം അറുപത്തിയഞ്ചോളം സെഷനുകള്‍ പൂര്‍ത്തിയാക്കി. കൊച്ചി മെട്രോ കെഎസ്ഇബി, പൊലീസ് സ്റ്റേഷനുകള്‍, ബിഡിഒകള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി പ്രചരണ പരിപാടി നടത്തി. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറോളം സെഷനുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഹെഡ്ജ് ഇക്വറ്റീസ് കമ്പനി വക്താക്കള്‍ അറിയിച്ചു. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും നടത്തുന്ന പ്രചരണത്തിന് പുറമെ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങള്‍ വഴിയും സാമ്പത്തികസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ഹെഡ്ജ് നടത്തുന്നുണ്ട്.

(ഗേറ്റ്‌വേ ടു ഫിനാന്‍ഷ്യല്‍ ഫ്രീഡം പ്രചരണ പരിപാടിയുടെ ഭാഗമായി ഹെഡ്ജ് എം ഡി അലക്‌സിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ച് യാത്രക്കാരോട് സംസാരിച്ചു. കഴിഞ്ഞദിവസം നടന്ന പരിപാടിയുടെ ഭാഗമായി കൊച്ചി മെട്രോയിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് നിക്ഷേപത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവിതത്തിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി.)