കറന്‍സി രഹിത ഇടപാടുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കാനായി ടോള്‍ ഫ്രീ നമ്പര്‍ വരുന്നു. 14444 എന്ന നമ്പര്‍ അടുത്തയാഴ്ചയോടെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് സൂചന. ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ഇലക്ട്രോണിക്സ് ആന്റ് ഐ.ടി മന്ത്രായം ആരംഭിച്ച ഡിജിശാല ചാനല്‍ വെള്ളിയാഴ്ചയാണ് സംപ്രേക്ഷണം തുടങ്ങിയത്. ദൂരദര്‍ശന്റെ ഡി.ടി.എച്ച് പ്ലാറ്റ്ഫോമിലും ക്യാഷ്‍ലെസ് ഇന്ത്യ വെബ്സൈറ്റിലുമാണ് ഇപ്പോള്‍ ഈ ചാനല്‍ ലഭിക്കുന്നത്.

ഐ.ടി കമ്പനിയായ നാസ്‍കോമിന്റെ സഹായത്തോടെയാണ് ടോള്‍ ഫ്രീ നമ്പര്‍ തുടങ്ങുന്നത്. 14444ആണ് ടെലികോം മന്ത്രാലയം അനുവദിച്ചിരിക്കുന്ന നമ്പര്‍. അടുത്തയാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്ന് നാസ്കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് എന്നിവ വ്യക്തമാക്കി ഒരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ക്യാഷ് ലെസ് ഇടപാട് രീതി ഏതാണെന്നത് മുതലുള്ള വിവരങ്ങള്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ നിന്ന് ലഭിക്കും. കോള്‍ സെന്റര്‍ സംവിധാനങ്ങളും ഏതാണ്ട് തയ്യാറായിക്കഴിഞ്ഞുവെന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.