പലിശ നിരക്ക് കുറച്ചതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവന വായ്പ നല്‍കുന്ന ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പലിശ നിരക്ക് കുറച്ചതിന് ശേഷം 8.35 ശതമാനമാണ് എസ്.ബി.ഐയുടെ പുതുക്കിയ ഭവന വായ്പാ പലിശ നിരക്ക്.

സര്‍വ്വീസുകള്‍ക്കും ഇടപാടുകള്‍ക്കും അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് എസ്.ബി.ഐ അപ്രതീക്ഷിതമായി വീണ്ടും ഭവന വായ്പാ പലിശ നിരക്ക് കുറച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ കാല്‍ ശതമാനം പലിശയിളവാണ് ഭവന വായ്പയില്‍ വരുത്തിയിരിക്കുന്നത്. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ഇളവ് ലഭിക്കുക. ഇതോടെ പലിശ നിരക്ക് 8.6 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി മാറിയിരിക്കുകയാണ്. ശമ്പള വരുമാനക്കാരായ സ്ത്രീകള്‍ക്കാണ് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുക. ശമ്പളക്കാരായ പുരുഷന്മാര്‍ക്കും കൃത്യമായ പ്രതിമാസ വരുമാനമില്ലാത്ത വനിതകള്‍ക്കും പലിശ നിരക്ക് 8.4 ശതമാനമായി മാറും. ഇതോടെ പ്രതിമാസ വായ്പാ തിരിച്ചടവില്‍ 530 രൂപ വരെ കുറയും. 

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഭവനമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് പലിശ നിരക്ക് കുറച്ചതെന്ന് എസ്.ബി.ഐ എം.ഡി രജനീഷ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പലിശയിളവും പുതിയ വായ്പകള്‍ക്ക് ലഭിക്കുമെന്ന് രജനീഷ് കുമാര്‍ വ്യക്തമാക്കി. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭ്യമാക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. രാജ്യത്ത് മൊത്തം ഭവന വായ്പകളുടെ നാലിലൊന്നും നല്‍കുന്ന എസ്.ബി.ഐ പലിശ നിരക്ക് കുറച്ചതോടെ വരും ദിവസങ്ങളില്‍ സമാന പാത സ്വീകരിച്ചേക്കുമെന്നാണ് സൂചന.