2017 ജൂണ്‍ ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് എല്ലാ ബാങ്ക് ഉടമകളും തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. 2017 ഡിസംബര്‍ 31 ആണ് ഇതിന് നല്‍കിയിരിക്കുന്ന അവസാന തീയ്യതി. ആധാര്‍ നമ്പറോ അല്ലെങ്കില്‍ ആധാറിന് വേണ്ടി വിവരങ്ങള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന എന്‍റോള്‍മെന്റ് ഐ.ഡിയോ അവസാന തീയ്യതിക്ക് മുമ്പ് ബാങ്കുകളില്‍ നല്‍കണം. ഇത് ചെയ്യാത്ത അക്കൗണ്ടുകളിലെ ഇടപാടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നിങ്ങളുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇങ്ങനെ പരിശോധിക്കാം.

1. യൂനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയുടെ വെബ്സൈറ്റായ www.uidai.gov.in സന്ദര്‍ശിക്കുക
2. വെബ്സൈറ്റിലെ Check Aadhaar & Bank Account Linking Status' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

3. ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്ത ശേഷം 'send OTP' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം

4. വിവരങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ ഒരു വണ്‍ ടൈം പാസ്‍വേഡ് ലഭിക്കും
5. ഈ വണ്‍ ടൈം പാസ്‍വേഡ് വെബ്സൈറ്റില്‍ നല്‍കണം


6. പാസ്‍വേഡ് ശരിയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത തീയ്യതിയും ബാങ്കിന്റെ പേരും സൈറ്റില്‍ ദൃശ്യമാകും.

മൊബൈല്‍ ഫോണ്‍ വഴിയും പരിശോധിക്കാം
1. നിങ്ങളുടെ ഫോണില്‍ നിന്ന് *99*99*1# ഡയല്‍ ചെയ്യുക
2. നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
3. നിങ്ങള്‍ നല്‍കിയ നമ്പര്‍ ശരിയാണെന്ന് പരിശോധിക്കുക
4. ശരിയാണെങ്കില്‍ ആധാറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് വിവരങ്ങള്‍ ഫോണില്‍ ലഭ്യമാവും

പ്രത്യേകം ശ്രദ്ധിക്കുക
ആധാറുമായി അവസാനം ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാത്രമേ ഇങ്ങനെ ലഭ്യമാകൂ. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അതാത് ബാങ്കുകളില്‍ നിന്നുതന്നെ അക്കാര്യം സ്ഥിരീകരിക്കണം. ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലേ ബാങ്ക് അക്കൗണ്ടുകളുടെ വിവരം ഇങ്ങനെ പരിശോധിക്കാന്‍ കഴിയൂ. ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രങ്ങളായ അക്ഷയ സെന്ററുകളിലൂടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.