മദ്യ ലഭ്യത കുറഞ്ഞത് ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വിനോദ സഞ്ചാര മേഖല. ആലപ്പുഴ പട്ടണത്തിലുണ്ടായിരുന്ന എല്ലാ ബിവറേജസ് ഔട്ട് ലറ്റുകളും പൂട്ടിയതോടെ ഹൗസ് ബോട്ടുളുടെ ബുക്കിംഗ് വന്‍ തോതില്‍ ഇടിഞ്ഞതായി ബോട്ടുടമകളുടെ സംഘടന അറിയിച്ചു.

പരീക്ഷാക്കാലം കഴിഞ്ഞാല്‍ സാധാരണ 1000 മുതല്‍ 1500 വരെ സഞ്ചാരികള്‍ വരെ എത്തേണ്ട സമയമാണിപ്പോള്‍. പക്ഷേ ഇപ്പോള്‍ 300 പേര്‍ പോലും എത്തുന്നില്ല. മുന്‍കൂട്ടി ബുക്ക് ചെയ്തും അല്ലാതെയും കേരളത്തിനകത്തും പുറത്തും നിന്നെത്തുന്ന സഞ്ചാരികളെ കാത്തിരുന്ന ഹൗസ് ബോട്ട് മേഖല നിരാശയിലാണ്. ജില്ലയിലെ 164 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടിയപ്പോള്‍ ആലപ്പുഴ പട്ടണത്തിലുണ്ടായിരുന്ന മുഴുവന്‍ ബിവറേജസ് ഔട്ട് ലറ്റുകള്‍ക്കും താഴ് വീണു. ഇതോടെ സഞ്ചാരികള്‍ക്ക് ആലപ്പുഴയോടുള്ള താത്പര്യം കുറയുന്നുവെന്നാണ് വിനോദ സ‍ഞ്ചാര മേഖലയുടെ പരാതി..

വിദേശ സഞ്ചാരികളും തുറക്കുന്ന ബിവറേജിന് മുന്നില്‍ ക്യൂവിലാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ മദ്യപിക്കാനുള്ള അവകാശം മാനിച്ച് അതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ഇംഗ്ലണ്ടുകാരന്‍ തോമസ് പറയുന്നത്. വര്‍ഷാവസാന മീറ്റിങുകളും കമ്പനികളുടെ കൂട്ടായ്മകളും കൂടി കിഴക്കിന്റെ വെനീസിനെ കൈവിട്ടാല്‍ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലാകും. ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ ലഭ്യത കുറയുന്നത് സഞ്ചാരികള്‍ക്ക് കേരളത്തോടുള്ള താത്പര്യം കുറയ്‌ക്കുന്നുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.