വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികവ്യവസ്ഥ എന്ന ബഹുമതി ഇന്ത്യ ഈ വര്‍ഷം തിരിച്ചു പിടിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) തിങ്കളാഴ്ച്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തിഫോറത്തിന്റെ ഉച്ചകോടിക്ക് മുന്നോടിയായാണ് ഐഎംഫ് തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 2018-ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനവും 2019-ല്‍ 7.8 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 6.8 ആയിരിക്കുമെന്നും അടുത്ത വര്‍ഷം 6.4 ആയി അത് കുറയുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. 

ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍വര്‍ഷങ്ങളിലെ പ്രവണത തുടരുമെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. ആഗോളസാമ്പത്തികവളര്‍ച്ചയുടെ പകുതിയും ഏഷ്യന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ താഴ്ച്ച ഇന്ത്യയുടെ കുതിപ്പില്‍ ബാലന്‍സ് ചെയ്യപ്പെടും. ഏഷ്യയിലെ വികസ്വരരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് 6.5 ശതമാനം വളര്‍ച്ച നേടും- ഐഎംഎഫ് പുറത്തുവിട്ട സാമ്പത്തിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 7.1-ല്‍ നിന്നും താഴോട്ട് വരികയും ചൈനയുടെ പിറകിലാവുകയും ചെയ്തിരുന്നു. ഈ അവസ്ഥ മറികടന്ന് ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നിലെത്തുമെന്നാണ് ഇപ്പോള്‍ ഐ.എം.എഫ് പ്രവചിക്കുന്നത്.