ലണ്ടന്‍: അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സെന്റര്‍ ഫോര്‍ എകണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ച് സെന്ററി (സെബര്‍)ന്റെ റിപ്പോര്‍ട്ട്.

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കിലും ഫ്രാന്‍സിനെയും യുകെയെയും മറികടന്ന് ഇന്ത്യ 2018 ഓടെ അഞ്ചാമതെത്തുമെന്ന് സെബര്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡഗ്ലസ് മാക് വില്യംസ് പറഞ്ഞു. 

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ നിലവിലെ 10 വന്‍സാമ്പത്തിക ശക്തികളെ ഏഷ്യന്‍ സമ്പദ് വ്യവസ്ഥ മറികടക്കുമെന്നും 2032 ഓടെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ചൈന മറികടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചത് പ്രതീക്ഷിച്ചതിലും കുറഞ്ഞ ആഘാതമായിരിക്കും സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുക. നിലവില്‍ രണ്ട് വര്‍ഷത്തേക്ക് ഫ്രാന്‍സിന്റെ പിറകിലായിരിക്കും ബ്രിട്ടണെങ്കിലും 2020ഓടെ ഫ്രാന്‍സിനെ മറികടക്കും.

ഇന്ധന വില കുത്തനെ കുറഞ്ഞതും ഊര്‍ജ്ജമേഖലയെ കൂടുതലായി ഉപയോഗിക്കുന്നതും റഷ്യയ്ക്ക് തിരിച്ചടിയാകും. 2032 ഓടെ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയെന്ന സ്ഥാനത്തുനിന്ന് റഷ്യ 17-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നും സെബര്‍ വ്യക്തമാക്കുന്നു.