Asianet News MalayalamAsianet News Malayalam

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുതിയ വെബ്സൈറ്റും ആപ്പും

Indian Railways to revamp IRCTC website
Author
First Published Oct 25, 2017, 10:34 PM IST

ദില്ലി: ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പലര്‍ക്കും കഴിയില്ല. ആളു കൂടുന്ന സമയത്ത് കിട്ടാതാവുന്നത് മുതല്‍ ബുക്ക് ചെയ്യാന്‍ പണവും നല്‍കിക്കഴിഞ്ഞ് പെട്ടെന്ന് ഒന്നുമറിയാന്‍ കഴിയാത്ത അവസ്ഥയിലാവുന്നത് വരെയുള്ള എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍ തരണം ചെയ്ത് വേണം ഒരു ടിക്കറ്റെടുക്കാന്‍. എന്നാല്‍ ഈ സ്ഥിതിക്ക് ഇനി പരിഹാരമാവുകയാണ്. ഐ.ആര്‍.സി.ടി.സിക്ക് സമഗ്രമായി പരിഷ്കരിച്ച പുതിയ വെബ്സൈറ്റ് വരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പും പുറത്തിറക്കും.

ഇപ്പോള്‍ ഉപയോക്താക്കള്‍ നേരിടുന്ന എല്ലാ പ്രശ്നവും പരിഹരിക്കുന്ന വെബ്സൈറ്റാവും തയ്യാറാക്കുകയെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. ഒപ്പം യാത്ര ചെയ്യുന്ന ദിവസത്തില്‍ ട്രെയിനിന്റെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്ന എസ്.എം.എസ് സംവിധാനം പോലുള്ള ഒട്ടേറെ പ്രത്യേകതകളുമുണ്ടാകും. ട്രെയിന്‍ വൈകുന്നുണ്ടെങ്കില്‍ അക്കാര്യവും വൈകുന്നതിന്റെ കാരണവും എപ്പോള്‍ അടുത്ത സ്റ്റേഷനില്‍ എത്തുമെന്നും നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ എപ്പോഴേക്ക് എത്താന്‍ കഴിയുമെന്നും എസ്.എം.എസ് വഴി അറിയിക്കും. ഉപഗ്രഹ സഹായത്തോടെ ഐ.എസ്.ആര്‍.ഒ ആണ് ഇതിന് ആവശ്യമായ സഹായം നല്‍കുക. യാത്രക്കാരുടെ പരാതികള്‍ വ്യാപകമായതോടെയാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കാന്‍ റെയില്‍വെ തീരുമാനിച്ചത്.

നേരത്തെ റെയില്‍ സാരഥി എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെ അന്വേഷണങ്ങള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കോച്ച് വൃത്തിയാക്കാന്‍ ആവശ്യപ്പെടാനുമെല്ലാം ഈ ആപ്പിലൂടെ കഴിയും.

Follow Us:
Download App:
  • android
  • ios