ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പ്രവാസികള്‍ക്ക് നേട്ടം
ദുബായ്: വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായ ആറാം ദിവസവും ഇടിഞ്ഞതോടെ പ്രവാസികൾക്കു നേട്ടം. യുഎഇ ദിര്ഹത്തിന് സമീപകാലത്തെ ഏറ്റവും ഉയർന്ന വിനിമയനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്, വിപണിയിൽ രൂപയുടെ മൂല്യം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
ഒരു യുഎഇ ദിര്ഹത്തിന് 18രൂപ എട്ട് പൈസയെന്ന നിരക്കിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ഉയരുന്നതും വിദേശ ഫണ്ടുകളുടെ പിൻവലിക്കൽ ഏറിയതുമാണു രൂപയ്ക്കു തിരിച്ചടിയായത്.
2017 മാർച്ച് 10നു ശേഷമുള്ള രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണ് ഇന്നത്തേത്. വിനിമയനിരക്ക് ഉയർന്നതോടെ ഗള്ഫില് നിന്ന് നാട്ടിലേക്കുള്ള പണമയപ്പിലും വർധനയുണ്ടായി. പല മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും വന്തിരക്കാണ് ഇന്നനുഭവപ്പെട്ടത്.
പതിനായിരം ദിര്ഹം നാട്ടിലേക്ക് അയയ്ക്കുമ്പോൾ -6,000 രൂപ വരെ ഇപ്പോൾ അധികമായി ലഭിക്കും. സമീപകാലത്തൊന്നും ഇത്രയും വലിയ നേട്ടം വിനിമയനിരക്കിലുണ്ടായിട്ടില്ല. അതേസമയം, മാസാവസാനത്തേക്ക് അടുക്കുന്നതിനാൽ പ്രവാസികളുടെ കൈവശമുള്ള പണത്തിന്റെ അളവിൽ കുറവുണ്ട്.
ശമ്പളം ലഭിക്കുന്നതുവരെ ഈ വിനിമയനിരക്ക് സ്ഥിരമായി നിന്നാൽ മാത്രമേ കാര്യമായ ഗുണം ലഭിക്കുകയുള്ളൂ. എന്നിരുന്നാലും ക്രെഡിറ്റ് കാര്ഡുപയോഗിച്ച് നാട്ടിലേക്ക് പണമയച്ച പ്രവാസികളും കുറവല്ല.
