പ്രമുഖ ഐ.ടി കമ്പനി ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങുന്നു. 1,150 രൂപ നിരക്കില്‍ 13,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് തിരികെ വാങ്ങുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരികള്‍ തിരികെ വാങ്ങുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഫോസിസ് അറിയിച്ചിരുന്നു. 

വിശാല്‍ സിക്ക കമ്പനിയുടെ സി.ഇ.ഒ സ്ഥാനം രാജിവച്ചതിന് പിന്നാലെ ഇന്‍ഫോസിസിന്റെ ഓഹരി വില ഇന്നലെ 923 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഓഹരി മൂല്യത്തില്‍ 22,000 കോടി രൂപയുടെ ഇടിവും നേരിട്ടു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തിങ്കഴാള്ചത്തെ ക്ലോസിംഗ് നിരക്കാണ് തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. 17 ശതമാനം പ്രീമിയവും നല്‍കും. ബോര്‍ഡുമായി തുടര്‍ച്ചയായുണ്ടായ തര്‍ക്കങ്ങളാണ് വിശാല്‍ സിക്കയുടെ രാജിയിലേക്ക് നയിച്ചത്. തുടര്‍ന്ന് പ്രവീണ്‍ റാവുവിനെ ഇന്‍ഫോസിസ് ഇടക്കാല സി.ഇ.ഒയായി നിയമിച്ചിരിക്കുകയാണിപ്പോള്‍.