ദില്ലി: ഇന്ത്യയില്‍ നിന്ന് പരസ്യ ഇനത്തില്‍ സമ്പാദിക്കുന്ന വരുമാനത്തിന് നികുതി അടയ്ക്കാതെ ഗൂഗിള്‍ വെട്ടിപ്പ് നടത്തുന്നുവെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിച്ചു. ആറ് വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ആദായ നികുതി വകുപ്പിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. ഇതോടെ നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ആദായ നികുതി വകുപ്പിന് ഇനി കഴിയും.

ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ ഒരു ഭാഗം തങ്ങളുടെ അയര്‍ലന്റിലെ ഓഫീസിലേക്ക് അയക്കുന്നതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഈ പണം ഇവിടെ നിന്ന് സമ്പാദിക്കുന്നതാണെങ്കിലും നികുതി അടയ്ക്കാതെ മറ്റൊരു രാജ്യത്തേക്ക് കടത്തുന്നത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി ആദായ നികുതി വകുപ്പ് ഗൂഗിള്‍ ഇന്ത്യക്ക് നോട്ടീസ് നല്‍കി. 2007-2008 മുതല്‍ 2012--13 വരെ നല്‍കിയ ആറ് നോട്ടീസുകള്‍ക്കെതിരെയാണ് ഗൂഗിള്‍ ഇന്ത്യ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. ഗൂഗിള്‍ അയര്‍ലെന്റ് തങ്ങളുടെ ബൗദ്ധിക സൗത്തുക്കള്‍ ഗൂഗിള്‍ ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്നും പരസ്യങ്ങളുടെ സ്ഥാനം പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ ഇന്ത്യയില്‍ അടയ്ക്കേണ്ട നികുതി വെട്ടിയ്ക്കാന്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഇന്ത്യയും ഗൂഗിള്‍ അയര്‍ലെന്റും ഇത്തരത്തിലൊരു പണം കൈമാറ്റം നടത്തുന്നതെന്നാണ് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. ഗൂഗിള്‍ അയര്‍ലെന്റിന് പണം കൈമാറുമ്പോള്‍ നികുതി ഈടാക്കുകയോ അല്ലെങ്കില്‍ ഇതിനായി പ്രത്യേക അനുമതി ഗൂഗിള്‍ ഇന്ത്യ ഇവിടെ നിന്ന് വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇക്കാലളവില്‍ അയര്‍ലന്റിലേക്ക് കൈമാറിയ 1457 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു.

അയര്‍ലെന്റില്‍ പേറ്റന്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സാങ്കേതിക വിദ്യയും മറ്റ് വിവരങ്ങളുമാണ് ഗൂഗിള്‍ ഇന്ത്യ ഉപയോഗിക്കുന്നത് എന്നതുകൊണ്ട് അയര്‍ലന്റിലേക്ക് അയക്കുന്ന പണം റോയല്‍റ്റിയായിട്ടാണ് കണക്കാക്കുകയെന്നും ട്രിബ്യൂണല്‍ വിധിച്ചിട്ടുണ്ട്. ഇതിന് നികുതി ബാധകമാണ്.