ദാവോസ്: ആഗോളവത്കരണത്തെ തടയുവാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ലെന്ന് ജാക്ക് മാ . വ്യാപാരം നില്‍ക്കുന്ന അവസ്ഥയുണ്ടായാല്‍ യുദ്ധമായിരിക്കും ഫലമെന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തികഫോറത്തില്‍ പങ്കെടുത്തു സംസാരിക്കവേ ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ മേധാവി ജാക്ക് മാ പറഞ്ഞു. 

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മുക്ക് ആഗോളവത്കരണത്തെ സ്വീകരിക്കുകയാണ് വേണ്ടത്, അത് നമ്മുടെ ഉത്തരവാദിത്തവും ഒരു അവസരവുമാണ്. അടുത്ത മുപ്പത് വര്‍ഷത്തില്‍ ഒരു യുദ്ധമുണ്ടായാല്‍ അത് രോഗങ്ങള്‍ക്കെതിരെയാവും, പാരിസ്ഥിതിക മലീനികരണത്തിനെതിരെയാവും, ദാരിദ്രത്തിനെതിരെയാവും അല്ലാതെ നമ്മള്‍ നമ്മോട് തന്നെ യുദ്ധം ചെയ്യാന്‍ നില്‍ക്കില്ല... ചൈനയിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ജാക്ക് മാ പറഞ്ഞു. 

ആഗോളവത്കരണത്തെ ആര്‍ക്കെങ്കിലും തടയാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആര്‍ക്കുമത് സാധിക്കില്ല, കാരണം വ്യാപാരം അവസാനിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അങ്ങനെ ചെയ്താല്‍ ലോകം തന്നെ നില്‍ക്കും. സാങ്കേതികവിദ്യയിലുണ്ടായ വികാസം മൂലം ലോകം മാറിമറിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. തീര്‍ച്ചയായും നിരവധി പേര്‍ക്ക് ജോലി ലഭിക്കാന്‍ അത് സഹായിക്കും. അതേ സമയം അതൊരുപാട് സാമൂഹികപ്രശ്‌നങ്ങളും സൃഷ്ടിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വികാസം പ്രാപിക്കുന്നതോടെ മനുഷ്യര്‍ ചെയ്യേണ്ട കുറേ ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കും.അതിന് സമാന്തരമായി സേവനരംഗത്ത് കൂടുതല്‍ ജോലികള്‍ നാം സൃഷ്ടിക്കണം.

ആഗോളവ്യവസായരംഗം കൂടുതല്‍ ലളിതവും നവീനവുമായിരിക്കണമെന്ന് പറഞ്ഞ ജാക്ക് മാ, ആഗോളവത്കരണത്തിന്റെ അടുത്ത ഘട്ടത്തെ നയിക്കുക ലോകത്തെ യുവാക്കളായിരിക്കുമെന്ന് പറഞ്ഞു. ആദ്യഘട്ടത്തില്‍ അത് രാജാക്കാന്‍മാരും ചക്രവര്‍ത്തിമാരുമായിരുന്നു പിന്നീടങ്ങോട്ട് ലോകത്തെ അറുപതിനായിരം കമ്പനികള്‍ ചേര്‍ന്നാണ് അത് ചെയ്തത് - ജാക്ക് മാ ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ മറ്റുള്ളവരുടെ വിജയഗാഥകളെയല്ല അവരുടെ പരാജയങ്ങളെക്കുറിച്ചാണ് പഠിക്കേണ്ടതെന്നും ആലിബാബയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ആഗോളവ്യവസായി പറഞ്ഞു.