മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ വിസ്മയകഥകള്‍ തീരുന്നില്ല. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ 17 വര്‍ഷം കൊണ്ടു നേടിയെടുത്ത ത്രൈമാസ വരുമാനം 16 മാസം കൊണ്ട് മറികടന്നാണ് ജിയോ വീണ്ടും അത്ഭുതം സൃഷ്ടിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിലെ മൂന്നാമത്തെ പാദത്തില്‍ (ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍) 6879 കോടി രൂപയാണ് റിലയന്‍സ് ജിയോയുടെ വരുമാനം. ഇതേകാലയളവില്‍ ഐഡിയ സെല്ലുലാര്‍ നേടിയത് 6700 കോടി രൂപയാണ്. 1997-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐഡിയ സെല്ലുലാര്‍ 2014-ല്‍ മാത്രമാണ് ആറായിരം കോടിക്കടുത്ത് വരുമാനം നേടാന്‍ തുടങ്ങിയത് തന്നെ. എന്നാല്‍ 2016 സെപ്തംബര്‍ അഞ്ചിന് വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജിയോ വെറും പതിനാറ് മാസം കൊണ്ട് ഈ വരുമാനപരിധി മറികടന്നു കഴിഞ്ഞു. എയര്‍ടെല്‍ പോലും പ്രവര്‍ത്തനം തുടങ്ങി പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് മെച്ചപ്പെട്ട വരുമാനത്തിലേക്ക് എത്തിയത്.
അതേസമയം ജിയോയുടെ ഈ വരുമാനം വെറുതെ വാരിയെടുത്തതല്ലെന്നതാണ് ഇതിന്റെ മറുവശം. പതിനേഴ് കൊല്ലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐഡിയ സെല്ലുലാര്‍ 1.25 ലക്ഷം കോടി രൂപയാണ് ഇതുവരെ ബിസിനസില്‍ ചിലവഴിച്ചത്. എന്നാല്‍ 2015-ല്‍ ടെസ്റ്റ് റണ്‍ തുടങ്ങിയ ജിയോ ഇതിനോടകം 2.15 കോടി പ്രവര്‍ത്തനമൂലധനമായി ചിലവിട്ടു കഴിഞ്ഞു, ഇപ്പോഴും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി കൂടുതല്‍ കോടികള്‍ വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട്. എയര്‍ടെല്‍ പോലും ഇത്രകാലം കൊണ്ട് 2.03 ലക്ഷം കോടിയാണ് ബിസിനസില്‍ ഇറക്കിയത് എന്ന കാര്യം പരിഗണിക്കുമ്പോള്‍ ആണ് ജിയോ നടത്തിയ ചൂതാട്ടത്തിന്റെ വ്യാപ്തി ശരിക്കും മനസ്സിലാവൂ.
