മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വ്യാപകമായി ഉപയോഗിച്ചത് ഏറെ വിമര്‍ശനം വരുത്തിവച്ചിരുന്നു. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമപ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് 500 രൂപയാണു പിഴ. ഈ പിഴ മാത്രം ഈടാക്കി റിലയന്‍സ് ജിയോയ്‌ക്കെതിരായ നിയമനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. റിലയന്‍സ് ജിയോയുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച വിവരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റിലയന്‍സിന് പുറമേ 50, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന്ു പിന്നാലെ ഇ-പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മും പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടി എംപിയായ നീരജ് ശേഖര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നൊണ് ഔദ്യോഗിക വിശദീകരണം. 

രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവര്‍ണര്‍മാര്‍, ഇന്ത്യയുടെയും സംസ്ഥാനങ്ങളുടെയും ചിത്രങ്ങളും ചിഹ്നങ്ങളും, മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ പേരുകള്‍ ഐക്യരാഷ്ട്ര സംഘടന, അശോക ചക്രം, ധര്‍മ ചക്രം തുടങ്ങിയവ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ല. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള നിയമത്തിന്റെ മൂന്നാം സെക്ഷന്‍ പ്രകാരം അനുമതിയില്ലാതെ ഈ പേരുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്.