റിലയന്‍സ് ജിയോയുടെ ലാഭത്തില്‍ കുറവ് സംഭവിക്കില്ല

ദില്ലി: ഫീച്ചര്‍ഫോണ്‍ വാഗ്ദാനങ്ങളും അതിവേഗ 4ജി ഡേറ്റയും നല്‍കി ഇന്ത്യന്‍ ടെലിക്കോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറുന്ന റിലയന്‍സ് ജിയോയുടെ ലാഭത്തില്‍ കുറവ് സംഭവിക്കില്ലെന്നും നല്ലമുന്നേറ്റം പ്രകടമാക്കുമെന്നും ഫിച്ച് റേറ്റിംഗ് റിപ്പോര്‍ട്ട്. വിപണിയില്‍ ജിയോ നല്‍കുന്ന വാഗ്ദാനങ്ങള്‍ അവരുടെ വിപണിവിഹിതം ഉയര്‍ത്തുമെന്നും ഫിച്ച് അവകാശപ്പെട്ടു.

ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ് ഫിച്ച്. വാണിജ്യപ്രവര്‍ത്തനങ്ങളുടെ ആദ്യവര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ 4ജി സേവനരംഗത്തെ അതികായന്മാരായ ജിയോ വരിക്കാരുടെ എണ്ണം 186.60 ദശലക്ഷത്തിലെത്തി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള പാദത്തില്‍ 26.5 ദശലക്ഷം ഉപഭോക്താക്കളാണ് അധികമായി ജിയോയുടെ കുടക്കിഴിലേക്കെത്തിയത്. രാജ്യത്ത് ഒന്നാം സ്ഥാനത്തുളള ഭാരതി എയര്‍ടെല്ലിന്‍റെ വരിക്കാരുടെ എണ്ണം 300 ദശലക്ഷമാണ്. ജിയോയുടെ ഈ നിലയ്ക്കുളള വളര്‍ച്ച ഏറ്റവും ഭീഷണിയാവുന്നതും എയര്‍ടെല്ലിന്‍റെ ഒന്നാം സ്ഥാനത്തിനാണ്.