500 ഡോളര്‍ കൊണ്ട് യുഎസ് ഫാഷന്‍ ലോകം വിലയ്ക്ക് വാങ്ങിയ സ്ത്രീ ആത്മവിശ്വാസം മൂലധനമാക്കിയ കേന്ദ്രാ സ്കോട്ടിന്‍റെ വിജയകഥ

തേയിലയുടെ പെട്ടിയില്‍ താന്‍ ഡിസൈന്‍ ചെയ്ത ആഭരണങ്ങളുമായി ആ 28 വയസ്സുകാരി ടെക്‌സാസിന്‍റെ തെരുവിലേക്കിറങ്ങി. തന്‍റെ പിഞ്ചു കുഞ്ഞിനെയും കയ്യില്‍ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അവള്‍ ആഭരണങ്ങള്‍ വില്‍ക്കാനിറങ്ങിയത്. കേന്ദ്ര സ്‌കോട്ട് എന്ന ആ യുവതി തന്‍റെ പക്കലുണ്ടായിരുന്ന 500 ഡോളര്‍ ചിലവഴിച്ച് ഡിസൈന്‍ ചെയ്തവയായിരുന്ന ആഭരണങ്ങള്‍. കച്ചവടം വലിയ വിജയമായി. അതൊരു ചുവടുവെയ്പ്പായിരുന്നു. പില്‍ക്കാലത്ത് ആഭരണ ഡിസൈനിങ് രംഗത്തെ താരമായിമാറിയ കേന്ദ്ര സ്കേട്ടെന്ന സ്ത്രീയുടെ വിജയ ചുവടുവെയ്പ്പ്. പറഞ്ഞു വരുന്നത് യു.എസ്സിലെ ഏറ്റവും പ്രശസ്തയായ ഫാഷന്‍ ഡിസൈനറും ഡിസൈനിംഗ് രംഗത്തെ പ്രമുഖരായ കേന്ദ്ര സ്‌കോട്ട് ഡിസൈനേഴ്‌സ് ചെയര്‍മാനും സിഇഒയുമായ കേന്ദ്ര സ്‌കോട്ടിനെക്കുറിച്ചാണ്. 

ആദ്യ ചുവട്

18 -ാം വയസ്സില്‍ സര്‍വ്വകലാശാല പഠനം പകുതിക്ക് വച്ച് നിര്‍ത്തിയ സ്കോട്ട് പിന്നീട് കുടുംബിനിയായി. ആദ്യ കുട്ടിയുടെ ജനനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ റെസ്റ്റ് റൂമില്‍ വച്ച് ചില ആഭരണങ്ങളില്‍ ഡിസൈന്‍ വര്‍ക്കുകളെക്കെ ചെയ്തു തുടങ്ങി. കുഞ്ഞ് ജനിച്ചിതോടെ അവ വിറ്റഴിക്കണമെന്ന് തോന്നല്‍ സ്‌കോട്ടിനെ ആവേശം കൊള്ളിച്ചു. അന്ന് സ്‌കോട്ടിന് പ്രായം 28 വയസ്സ്. കയ്യിലാകെയുണ്ടായിരുന്ന 500 ഡോളര്‍ സമ്പാദ്യം ചെലവഴിച്ച് നിര്‍മ്മിച്ചവയായിരുന്നു ആഭരണങ്ങള്‍. യു.എസിലെ ടെക്‌സാസിന്റെ തലസ്ഥാനമായ ആസ്റ്റിനിലെ വീടുകളില്‍ കയറിയിറങ്ങിയ സ്‌കോട്ടിന്റെ ആഭരണങ്ങള്‍ ആദ്യ ദിനം തന്നെ വിറ്റുതീര്‍ന്നു.

ഞാന്‍ എന്‍റെ ആദ്യ കളക്ഷന്‍ (ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍) ഒരു തേയിലപ്പെട്ടിയിലെടുത്ത് എന്‍റെ പിഞ്ചുകുഞ്ഞിനെയും ഒപ്പം ചേര്‍ത്ത് വില്‍ക്കാനിറങ്ങി. എനിടുന്നാണ് അതിനുളള ധൈര്യം ലഭിച്ചതെന്ന് ഇന്നും അറിയില്ല തന്റെ ആദ്യ ഡിസൈന്‍ഡ് കളക്ഷന്‍റെ വില്‍പ്പനയെക്കുറിച്ച് 44 കാരിയായ സ്കോട്ട് രസകരമായി ഓര്‍ക്കുന്നത് ഇപ്രകാരമാണ്.

കേന്ദ്ര സ്‌കോട്ട് ബ്രാന്‍ഡാവുന്നു

2010 ല്‍ കേന്ദ്ര സ്‌കോട്ട് തന്റെ ആദ്യ റീട്ടെയ്ല്‍ സ്‌റ്റോര്‍ തുടങ്ങി ആസ്റ്റിനില്‍ തന്നെയായിരുന്നു തുടക്കം. അഞ്ച് തൊഴിലാളികളെ വെച്ചായിരുന്നു തുടക്കം. പിന്നീട് കേന്ദ്ര സ്‌കോട്ട് ഡിസൈനേഴ്‌സിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് കമ്പനിക്ക് 2,000 ജീവനക്കാരുണ്ട്. അതില്‍ 96 ശതമാനം ജീവനക്കാരും സ്ത്രീകള്‍. കമ്പനിക്ക് ഇന്ന് യുഎസ്സില്‍ 80 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുണ്ട്. ഓണ്‍ലൈനായി ലോകത്തെവിടേക്കും വിതരണവുമുണ്ട്. ലണ്ടനിലെ സെഫ്രിഡ്ജസ്സില്‍ വിദേശ ശാഖയുമുണ്ട്. കേന്ദ്ര സ്‌കോട്ട് ഡിസൈനേഴ്‌സിനെ ഒറ്റക്കൊമ്പന്‍ കുതിരയായ യുണിക്കോണിനേടാണ് യുഎസ് അക്‌സസറീസ് കൗണ്‍സില്‍ ഉപമിക്കുന്നത്. സ്‌കോട്ടിന്റെ ആഭരണങ്ങള്‍ അത്രമാത്രം വ്യത്യസ്തതയുളളതാണ്. ഒരാളുടെ കൈയിലുളളവ മറ്റൊരാളുടെ കൈയില്‍ ഉണ്ടാവില്ലയെന്ന് സാരം. വ്യക്തികളുടെ താല്‍പ്പര്യങ്ങളറിഞ്ഞ് അവര്‍ക്കായി മാത്രം ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനാലാണ് ഇത് സാധ്യമാവുന്നത്. ഇന്ന് യുഎസ്സിന്റെ വൈകാരികതയായി തങ്ങള്‍ മാറിയെന്നാണ് സ്‌കോട്ടിന്റെ അവകാശവാദം. 2002 ല്‍ സംരംഭം തുടങ്ങുമ്പോള്‍ 500 ഡോളര്‍ മാത്രം കൈയില്‍ സമ്പാദ്യമയുണ്ടായിരുന്ന സ്‌കോട്ട് ഇന്ന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ ടേണ്‍ ഓവറുളള കമ്പനിയുടെ ചെയര്‍മാനും സിഇഒയുമാണ്. ഫോബ്സ് മാഗസിന്‍ 2017 ല്‍ യുഎസ്സില്‍ നിന്നുളള ഏറ്റവും സമ്പന്നയായ വനിതാ സംരംഭകയായി സ്കോട്ടിനെയാണ് തെരഞ്ഞടുത്തത്.

ആതുര സേവന മേഖലയിലേക്ക്

കേന്ദ്ര കെയര്‍ പ്രോഗ്രാം എന്ന പേരില്‍ ആതുര സേവനങ്ങള്‍ക്കായി ഒരു എന്‍ജിഒയും സ്‌കോട്ട് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം അഞ്ച് മില്യണ്‍ ഡോളറാണ് സമൂഹത്തിനായി കേന്ദ്ര സ്‌കോട്ട് നീക്കിവച്ചത്. കേന്ദ്ര സ്‌കോട്ട് ഡിസൈനേഴ്‌സ് പ്രവര്‍ത്തിക്കുന്നത് മൂന്ന് അടിസ്ഥാന തത്വങ്ങളെ മുന്‍നിര്‍ത്തിയാണ് ഫാമിലി, ഫാഷന്‍, മനുഷ്യ സ്‌നേഹം എന്നിവ. ഈ അടിസ്ഥാന തത്വങ്ങളില്‍ ഫാഷന്‍ മാത്രമാണ് ബിസിനസ്സിനായി ഉപയോഗിക്കുന്നത്. ഫാമിലിയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും കാഴ്ച്ചപ്പാടുകള്‍ ഞങ്ങളെ ആതുര സേവന സന്നദ്ധരാക്കുന്നു ആതുര സേവനത്തിലേക്ക്് നയിച്ച ഘടകമെന്തെന്ന മാധ്യമ പ്രതിനിധിയുടെ ചോദ്യത്തോടുളള അവരുടെ പ്രതികരണം ഇങ്ങനെയിരുന്നു. 

കേന്ദ്ര സ്‌കോട്ട് മുന്നേറുകയാണ് യുഎസ്സ് ഫാഷന്‍ ലോകത്തിന്റെ അതിരുകള്‍ക്കുമപ്പുറം. കേന്ദ്ര സ്‌കോട്ട് ഒരു മാതൃകയാണ്. മൂലധനം ചെറുതെങ്കിലും വളരാനുളള മനസ്സും കരുത്തുളള ആശയവുമുണ്ടെങ്കില്‍ ഏത് ബിസിനസ് രംഗവും കീഴടക്കാമെന്ന വിജയമാതൃക.