കണ്ണൂര്‍: നിര്‍മ്മാണം പൂര്‍ത്തിയാവുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ അടുത്ത മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. സെപ്തംബറില്‍ വിമാനത്താവളം പൂര്‍ണരീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തില്‍ ലാന്‍ഡിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്.
റഡാര്‍ സംവിധാനങ്ങളുടെ ശേഷി വിലയിരുത്താനായി അടുത്ത മാസം ഡല്‍ഹിയില്‍ നിന്നും പരീക്ഷണവിമാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിയാല്‍ ഡയറക്ടര്‍ പി.ബാലകിരണ്‍ ഐ.എ.എസ് പറഞ്ഞു. വിമാനത്താവളത്തിന്റെ 90 ശതമാനം പ്രവര്‍ത്തനങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന ജോലികള്‍ ഫിബ്രുവരിയില്‍ തീര്‍ക്കും.
2018 സെപ്തംബറില്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവയ്ക്ക് ശേഷം കേരളത്തില്‍ വരുന്ന നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലെ മട്ടന്നൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്.
1892 കോടി ചിലവിട്ട് നിര്‍മ്മിക്കുന്ന കണ്ണൂര്‍ വിമാനത്താവളം 2092 ഏക്കര്‍ പ്രദേശത്തായാണ് സ്ഥിതി ചെയ്യുന്നത്. 3050 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് ഇവിടെയുള്ളത്. ബോയിംഗിന്റെ വമ്പന്‍ വിമാനങ്ങള്‍ക്കടക്കം ഇവിടെ സുഗമമായി ലാന്‍ഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും രണ്ട് വര്‍ഷം കൊണ്ട് റണ്‍വേയുടെ നീളം 4000 മീറ്ററാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
