റജിസ്‍ട്രേഷന്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ ടോക്കണ്‍ നില അനുസരിച്ച് അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച കോട്ടയം നഗരത്തിലെയും പരിസരത്തെയും പല റജിസ്ട്രാര്‍ ഓഫിസുകളിലും ഒറ്റ ഭൂമി റജിസ്‍ട്രേഷന്‍ പോലുമില്ല. ഏറിയാല്‍ ഒന്ന് എന്ന കണക്കിലാണ് നഗരത്തിലെ ഓഫിസുകളില്‍ ഉണ്ടാകാന്‍ പോകുന്നത്. വരും ആഴ്ചകളിലും ഈ നിലയില്‍ മാറ്റം വരില്ലെന്ന് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന വില്‍പന കരാറുകളുടെ എണ്ണം സൂചിപ്പിക്കുന്നു. കോട്ടയത്ത് ആധാരമെഴുത്ത് നടത്തുന്ന ഒരു ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ നോട്ട് പിന്‍വലിക്കലിന് ശേഷം തയ്യാറാക്കിയത് രണ്ടു ഭൂമി വില്‍പനക്കരാര്‍ മാത്രമാണെന്നായിരുന്നു മറുപടി. രജിസ്‍ട്രേഷന്‍ വരുമാനത്തില്‍ 100 കോടിയോളം രൂപയുടെ ഇടിവാണ് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിനുണ്ടായത്.