ദില്ലി: പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയത് 50 ലക്ഷം കോടി കള്ളപ്പണമെന്ന് കണക്കുകള്‍. 2005-14 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് വന്ന കള്ളപ്പണം 50 ലക്ഷം കോടി രൂപയാണ്. ഏകദേളം (77000 കോടി ഡോളര്‍. രാജ്യത്തുനിന്ന് പുറത്തേക്ക് പോയത് 16500 കോടി ഡോളറും. ഇത് ഏതാണ്ട് 11 ലക്ഷം കോടി രൂപ വരും. യുഎസ് ആസ്ഥാനമായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന ഗവേഷണ സ്ഥാപനം തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകളാണിത്. 

2014 ല്‍ മാത്രം 10100 കോടി ഡോളര്‍ (6,56,500 കോടി രൂപ) ഇന്ത്യയിലെത്തി. 2300 കോടി ഡോളര്‍ (1.5 ലക്ഷം കോടി രൂപ) പുറത്തേക്കും പോയി. 
വികസ്വര രാജ്യങ്ങളുടെ കള്ളപ്പണ പ്രശ്‌നം സംബന്ധിച്ചുള്ള ഒരു പഠനം ആദ്യമായാണ് അകത്തേക്കും പുറത്തേക്കുമുള്ള കള്ളപ്പണ പ്രവാഹത്തിന്റെ കണക്കെടുക്കുന്നത്. 77000 കോടി ഡോളര്‍ കള്ളപ്പണം പുറത്തേക്കൊഴുകിയ 10 വര്‍ഷം ഇന്ത്യയുടെ ആകെ വിദേശ വ്യാപാരം 550000 കോടി ഡോളറായിരുന്നു. മൊത്തം വ്യാപാരത്തിന്റെ 14% വരും ഇന്ത്യയില്‍നിന്ന് ഒഴുകിയ കള്ളപ്പണത്തിന്റെ അളവ്. 

മൊത്തം വ്യാപാരത്തിന്റെ മൂന്നു ശതമാനമാണ് ഇന്ത്യയിലേക്കു വന്ന കള്ളപ്പണത്തിന്റെ അളവ്. 2014 ല്‍ വികസ്വര രാജ്യങ്ങളില്‍നിന്നു പുറത്തേക്കു പോയത് 62000 കോടി ഡോളറിന്റെ കള്ളപ്പണമാണെങ്കില്‍ വികസിത രാജ്യങ്ങളില്‍നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് എത്തിയത് 2.5 ലക്ഷം കോടി ഡോളറാണ്.