ദില്ലി: മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന്. സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി നിരക്കുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. റെയില്‍വെ രംഗത്ത് വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് മുതല്‍ 7.45 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിച്ചത്. സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് നിലവിലെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കി ധനമന്ത്രി മുന്നോട്ടുപോകും എന്നതിന്‍റെ സൂചന കൂടിയാണ്. നികുതി നല്‍കുന്നവരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ നികുതി നിരക്കുകളില്‍ മാറ്റംവരുത്താനുള്ള സാധ്യതയുണ്ട്. ആദായനികുതി പരിധി കൂട്ടുമോ എന്നാണ് ഇതില്‍ അറിയേണ്ടത്. കാര്‍ഷിക-വിദ്യാഭ്യാസ-തൊഴിമേഖലകള്‍ക്ക് എന്തൊക്കെ പ്രഖ്യാപനം എന്നതും പ്രധാനപ്പെട്ടതാണ്. 

കാര്‍ഷികമേഖലക്ക് കഴിഞ്ഞ ബജറ്റില്‍ വലിയ ഊന്നല്‍ നല്‍കിയെങ്കിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ല. നിര്‍മ്മാണേഖലയിലും മാന്ദ്യം തുടരുകയാണ്. ഈ പ്രതിസന്ധികള്‍ മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ എക്‌സൈസ് തീരുവ വെട്ടിക്കുറക്കണമെന്ന പെട്രോളിയം മന്ത്രാലയത്തിന്‍റെ ശുപാര്‍ശ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. മോദി സര്‍ക്കാരിന്‍റെ അവസാന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന നിലയില്‍ ചില ജനപ്രിയ പദ്ധതികളും ഉണ്ടായേക്കും. നടപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ തുക എന്നതിനൊപ്പം റബറിന‍്റെ വിലത്തകര്‍ച്ച നേരിടാനുള്ള പ്രഖ്യാപനമാണ് കേരളത്തിന്‍റെ പ്രതീക്ഷകളിലൊന്ന്. എയിംസ് പ്രഖ്യാപനത്തിനും കേരളം കാത്തിരിക്കുന്നു. റെയില്‍വെ രംഗത്ത് പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കണം എന്നതുള്‍പ്പടെയുള്ള പ്രതീക്ഷകളും കേരളം മുന്നോട്ടുവെക്കുന്നു.