യൂബര്‍ മോഡലില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും. ഏറ്റവും അടുത്തുള്ള അനുയോജ്യ ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാകുകമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
തമിഴ്‍നാട് സ്വദേശി, മുരുകന്‍ പണമില്ലാത്തതുകൊണ്ട് അപകട ചികിത്സ ലഭിക്കാതെ മരണമടഞ്ഞത് കേരളത്തിന് അപമാനമാണെന്ന് നമ്മള്‍ കണ്ടു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ബദല്‍ സംവിധാനം 2018-19ല്‍ നടപ്പില്‍ വരും. അപകടസ്ഥാനത്ത് നിന്ന് പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്‍കിയാല്‍ ഏറ്റവും അടുത്ത ആംബുലന്‍സ് എത്തിച്ചേര്‍ന്ന് ഏറ്റവും അടുത്തുള്ള അനുയോജ്യ ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആശുപത്രികളടക്കം സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് വഴി അവര്‍ക്ക് പിന്നീട് പണം ലഭ്യമാക്കുന്നതാണ്. ഇതിനാവശ്യമായ പണം റോഡ് സേഫ്‍ടി ഫണ്ടില്‍ നിന്നാണ് കണ്ടെത്തുക- ഡോ. തോമസ് ഐസക് പറഞ്ഞു.
പൊതു ആരോഗ്യ സര്‍വ്വീസസിന് 1685.70 കോടി രൂപയാണ് പദ്ധതിയില്‍ വകയിരുത്തുന്നത്. പ്രധാന ആശുപത്രികളില്‍ കാത്ത് ലാബുകള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, ദന്തല്‍ യൂണിറ്റ്, എമര്‍ജന്‍സി കെയര്‍ സെന്ററുകള്‍, സൂപ്പര്‍ സ്‍പെഷ്യാലിറ്റി സൗകര്യങ്ങള്‍, മെറ്റേണിറ്റി യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 69 കോടി രൂപ വകയിരുത്തുന്നു. മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി രൂപ വകയിരുത്തുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബക്ഷേമ ആശുപത്രികളാക്കി ഉയര്‍ത്തുന്നതിന് 23 കോടി രൂപയും ആശുപത്രികള്‍ രോഗി സൗഹൃദമാക്കുന്നതിന് 15 കോടി രൂപയും വകയിരുത്തുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് 2018-19ല്‍ 837 കോടി രൂപ പ്രതീക്ഷിക്കുന്നു. സംസ്ഥാനവിഹിതമായ 335 കോടി രൂപ വകയിരുത്തിയിട്ടുണ്ട്- ഡോ. തോമസ് ഐസക് പറഞ്ഞു.
