ഈ വര്‍ഷം മധ്യത്തോടെ മറ്റ് 20 സേവന കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങും

ദില്ലി: ആദ്യന്തര മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ രാജ്യത്ത് പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന സേവന കേന്ദ്രങ്ങള്‍ തുറക്കുന്നു. ഇത്തരത്തിലുളള ആദ്യ സേവന കേന്ദ്രം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തുറന്നു. 

ഈ വര്‍ഷം മധ്യത്തോടെ മറ്റ് 20 സേവന കേന്ദ്രങ്ങള്‍ കൂടി കമ്പനിയുടേതായി പ്രവര്‍ത്തനം തുടങ്ങും. 'ട്രൂ വാക്ക് സോണുകള്‍" എന്ന പേരില്‍ പുതിയ ഫോണുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക ഇടവും സേവന കേന്ദ്രങ്ങളിലുണ്ടാവും. 

പൂര്‍ണ്ണമായും വനിതകള്‍ക്കാവും കേന്ദ്രങ്ങളുടെ ചുമതലകള്‍. ഇതിലൂടെ വനിതകളുടെ സാമൂഹിക ഉന്നമനവും തങ്ങളുടെ ലക്ഷ്യമാണെന്ന് ലാവ അറിയിച്ചു. കടുത്ത മത്സരം നേരിടുന്ന ഹാന്‍സെറ്റ് നിര്‍മ്മാണ മേഖലയില്‍ ഒരുകാലത്ത് വലിയ കുതിപ്പ് നടത്തിയ ഇന്ത്യന്‍ കമ്പനിയായ ലാവയ്ക്ക് പിന്നീട് വിപണിയില്‍ തലപ്പൊക്കം നഷ്ടമായി. 

പുതിയ സേവന കേന്ദ്രങ്ങളിലൂടെ കസ്റ്റമേഴ്സുമായി കൂടുതല്‍ അടുക്കാനും അതുവഴി വിജയപാതയില്‍ തിരിച്ചെത്താനുമാണ് കമ്പനിയുടെ ശ്രമം. ആദ്യമായാണ് പൂര്‍ണ്ണമായി വനിതകള്‍ നിയന്ത്രിക്കുന്ന മൊബൈല്‍ സേവന കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു.