ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ വീണ്ടും ലയനത്തിനൊരുങ്ങുന്നു.21 ബാങ്കുകളെ 12 ആക്കി ചുരുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അതേസമയം, പഞ്ചാബ് സിന്ധ് ബാങ്ക്, ആന്ധ്ര ബാങ്ക് തുടങ്ങിയവയെ മേഖല ബാങ്കുകളാക്കി നിലനിര്‍ത്തും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച നടപടി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ലയനത്തിനൊരുങ്ങുന്നത്.
വലിയ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍ ചെറിയ പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിക്കാണ് ശ്രമം. അതേസമയം, പഞ്ചാബ് സിന്ധ് ബാങ്ക്, ആന്ധ്ര ബാങ്ക് തുടങ്ങിയവയെ മേഖല ബാങ്കുകളാക്കി നിലനിര്‍ത്തും. കേരളത്തിന്റെ സ്വന്തം എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ചപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രദേശിക തലത്തില്‍ നിന്ന് ഇതുപോലുള്ള പ്രതിഷേധം ഉയരാതിരിക്കാനാണ് ലയനത്തിന്റെ രണ്ടാംഘട്ടത്തില്‍ നിന്ന് മേഖലാ ബാങ്കുകളെ മാറ്റി നിര്‍ത്തുന്നതെന്നാണ് സൂചന.
ലയനം പൂര്‍ത്തിയായാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് പിന്നില്‍ രണ്ടാമതായി പഞ്ചാബ് നാഷണല്‍ ബാങ്ക് വളരും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയെ പിഎന്‍ബിയില്‍ ലയിപ്പിച്ചേക്കും.കാനാറ ബാങ്ക് മൂന്നാമനാകും. സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂറോ ബാങ്ക് എന്നിവ കാനറയില്‍ ചേരും. യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവ പട്ടികയിലെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടംപിടിയ്‌ക്കും.
കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ലയന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു ലയനമെങ്കിലും പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം.
