വില കൂടിയ സാഹചര്യത്തിൽ മായം കലർന്ന വെളിച്ചെണ്ണ വിൽക്കുന്നവർ വിപണിയിൽ സജിവമായതായും സുമില പറഞ്ഞു

ത്സവ സീസൺ, പ്രത്യേകിച്ച് ഓണം അടുക്കവേ വെളിച്ചെണ്ണ വില ഇടിയുന്നതിൽ ജനങ്ങൾ ആശ്വാസത്തിലാണ്. ജൂലായ് അവസാന വാരം കിലോയ്ക്ക് 449 രൂപ വരെ എത്തിയ വെളിച്ചെണ്ണയുടെ വില ഈ ആഴ്ച 405 രൂപയിലേക്ക് താഴ്ന്നു. വെളിച്ചെണ്ണ ഉപഭോക്താക്കൾക്ക് ഈ സാഹചര്യം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉത്പാദകരെ ബാധിച്ചതെങ്ങനെയെന്നുള്ള കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെയ്ക്കുകയാണ് നാളികേരംകൊണ്ടുള്ള ഉത്പന്നങ്ങൾക്ക് വിപണി സാധ്യത കണ്ടെത്തി അതിൽ മുന്നേറുന്ന സംരംഭയായ സുമില ജയരാജ്. രാജ്യാന്തരവിപണിയിൽ നാളികേരോൽപന്നങ്ങൾക്കുളള സ്വീകാര്യത മനസ്സിലാക്കിയ സുമില, ‘ഗ്രീൻ ഓറ’ എന്ന സ്ഥാപനം ആരംഭിക്കുകയും നൂറു മേനി വിജയം കൊയ്തിരിക്കുകയുമാണ്.

തേങ്ങാ പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, വെളിച്ചെണ്ണ, വിനീഗർ, തേങ്ങ ചട്നി. തുടങ്ങി എട്ട് ഉത്പന്നങ്ങളാണ് ഇന്ന് ഗ്രീൻ ഓറ എന്ന കമ്പനിയിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. ഗ്രീൻ നട്സ് എന്ന പേരിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നൽകിയതോടെ ഉത്പന്നങ്ങൾ തേടി ആളുകളെത്തുകയായിരുന്നു. എന്നാൽ സമീപ കാലത്തെ വൻ വില വർദ്ധന എങ്ങനെ വ്യവസായത്തെ ബാധിച്ചെന്ന ചോദ്യത്തിന് സുമില നൽകുന്ന ഉത്തരം ഇതാണ്, തേങ്ങയുടെ ലഭ്യത കുറവ് പ്രധാന പ്രശനമാണ്, അത് സമീപ കാലത്തുണ്ടായത് മാത്രമല്ല, നാളീകേര ഉത്പാദനം കഴിഞ്ഞ കുറേ വർങ്ങളായി കുറഞ്ഞു വരികയാണ്. സമീപ കാലത്തുണ്ടായ വില വർദ്ധനവിൽ അസംസ്കൃത വസ്തു, അതായത് തേങ്ങയുടെ വില താങ്ങാൻ പറ്റാത്തതിനാൽ പല മില്ലുകാരും അടച്ചുപൂട്ടലിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ ഇത് തങ്ങൾക്ക് ലാഭമുണ്ടാക്കിയിട്ടുണ്ട്, ഈ കാരണംകൊണ്ട് ഉപഭോക്താക്കൾ വർദ്ധിച്ചുണ്ട്. എന്നാൽ അവർ വാങ്ങുന്ന ഉത്പന്നത്തിന്റെ അളവ് കുറച്ചിട്ടുണ്ടെന്നും സുമില പറയുന്നു. അതായത്, 5 ലിറ്റർ വെളിച്ചെണ്ണ വാങ്ങികൊണ്ടിരുന്നവർ വില കൂടിയപ്പോൾ 1 ലിറ്ററിലേക്ക് ഉപഭോ​ഗം കുറച്ചിട്ടുണ്ടെന്നും സുമില ചൂണ്ടിക്കാണിക്കുന്നു.

വില കൂടിയ സാഹചര്യത്തിൽ മായം കലർന്ന വെളിച്ചെണ്ണ വിൽക്കുന്നവർ വിപണിയിൽ സജിവമായതായും സുമില പറഞ്ഞു. ലിറ്ററിന് 250 രൂപയ്ക്കൊക്കെെ വെളിച്ചെണ്ണ വിറ്റുകൊണ്ടിരുന്ന സമയത്ത് വിപണിയിൽ 100 രൂപയ്ക്ക് ഇതോ അളവിൽ വെളിച്ചെണ്ണ ലഭ്യമാണെന്നും പല ഉപഭോക്താക്കളും വിലയെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായെന്നും എന്നാൽ ഒരു തവണ ഈ മായം കലർന്ന എണ്ണ ഉപയോ​ഗിച്ചവർ അതിലെ വ്യത്യാസം മനസ്സിലാക്കി ശുദ്ധമായ ഉത്പന്നം വിൽക്കുന്ന തങ്ങളിലേക്ക് തിരിച്ചു വന്നതായും സുമില വ്യക്തമാക്കി.

ഏഷ്യയിൽതന്നെ ഏറ്റവും ഗുണമേന്മയുള്ള നാളികേരം വിളയുന്നത് കേരളത്തിലെ തീരദേശ മേഖലയിലാണെന്ന് സുമില ജയരാജ് പറയുന്നു. രാജ്യാന്തര വിപണിയിൽ മികച്ച പരിഗണനയുണ്ടെങ്കിലും നാളികേരോൽപന്നങ്ങൾക്ക് ആഭ്യന്തര വിപണികളില്‍ ആ പരിഗണന താരതമ്യേന കുറവാണെന്ന് സുമില പറയുന്നു. തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയെ കുറിച്ച് അവബോധം ഉണ്ടാക്കണം. ഏറ്റവും മികച്ച തേങ്ങാ പാലിന്റെ ഗുണങ്ങൾ പോലും നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകൾക്കും അറിയില്ല. പ്രിസർവേറ്റീവ് ധാരാളം ചേർക്കുന്ന മറ്റ് ഉത്പന്നങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി സ്വന്തം വീട്ടുമുറ്റത്തുള്ള തേങ്ങയിൽ നിന്നുമുണ്ടാകുന്ന ഉത്പന്നങ്ങളെ മുഖം ചുളിച്ചാണ് നോക്കുന്നതെന്ന് സുമില വ്യക്തമാക്കുന്നു.

തൃശൂർ ചാവക്കാട് സ്വദേശിനിയായ സുമില സംരംഭത്തിലേക്ക് കാലെടുത്ത് വെക്കുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുമില കുറച്ചു കാലം നാളികേര ഉൽപന്ന നിർമാണ കേന്ദ്രത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു. ഇതായിരുന്നു സുമിലയുടെ ജീവിതം മാറ്റി മറിച്ചത്. സ്വന്തമായൊരു നിർമ്മാണ യൂണിറ്റെന്ന സ്വപ്നം അവിടെ നിന്നുമാണ് ഉരുത്തിരിഞ്ഞത്. തുടർന്ന് വീടിന്റെ ചായ്പ്പിനോട് ചേർന്നൊരു നിർമ്മാണ യൂണിറ്റ് തുടങ്ങി. വെറും മൂന്ന് സ്റ്റാഫുകളായിരുന്നു അന്നുണ്ടായിരുന്നതെന്ന് സുമില ഓർക്കുന്നു. വിപണി വളർന്നതോടെ വീടിനോട് ചേർന്നുള്ള യൂണിറ്റിൽ നിന്നും ഏങ്ങണ്ടിയൂർ എന്ന തീരദേശ ഗ്രാമത്തിൽ 16 സെന്റ് ഭൂമി വാങ്ങി 2021 ൽ ഫാക്ടറി നിർമ്മിച്ചു.

നിരവധി വെല്ലുവിളികളാണ് സംരംഭം തുടങ്ങുമ്പോൾ നേരിട്ടതെന്ന് സുമില പറയുന്നു. സംരംഭകർക്കായി കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമ്പകൾ കടക്കാൻ ബുദ്ധിമുട്ടിയെന്ന് സുമില വ്യക്തമാക്കുന്നു. പ്രതിസന്ധികൾ എല്ലാം നേരിട്ട് വിജയത്തിലേക്ക് നടന്നുകയറിയപ്പോൾ മികച്ച സംരംഭകയ്ക്കടക്കമുള്ള നിരവധി അവാർഡുകൾ ഗ്രീൻ ഓറയ്ക്ക് വേണ്ടി സുമില നേടിയെടുത്തു.

ഓണ സീസണിൽ വെളിച്ചെണ്ണ വില കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികളെങ്കിൽ മികച്ച വിപണന സാധ്യത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രീൻ ഓറയുടെ ചുക്കാൻ പിടിക്കുന്ന സംരംഭകയായ സുമില. വെളിച്ചെണ്ണയോടൊപ്പം തന്നെ എല്ലാ ഓണ സീസണിലും തോങ്ങാപാലിനും നല്ല ഡിമാൻഡാണെന്ന സുമില വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യാന്തരവിപണിയിലെത്തുന്ന തേങ്ങാപ്പാലിനെക്കാൾ മികച്ച ഗുണമേന്മയുള്ളതാണ് ഗ്രീൻ നട്സിന്റെ തേങ്ങാ പാലിനെന്ന് സുമില വ്യക്തമാക്കുന്നു. ഡബിൾ പാസ്ചുറൈസ് ചെയ്താണ് ഇവ വിപണിയിൽ എത്തിക്കുന്നത്. ഓൺലൈൻ വിപണിയിലും ഇന്ന് ഗ്രീൻ നട്സിന്റെ ഉത്പന്നങ്ങൾ ലഭ്യമാണ്. ഉത്തരേന്ത്യയാണ് മറ്റൊരു പ്രധാന വിപണിഎന്നും സുമില പറയുന്നു.