Asianet News MalayalamAsianet News Malayalam

വിപണിയിൽ ഭയവും അത്യാഗ്രഹവും കൊറോണയും! ഈ അവസരം ഉപയോ​ഗിക്കാം; പണമിറക്കി ക്ഷമയോടെ നേട്ടം കൊയ്യാം

"ഒരു ഡസനോ അതിൽ കൂടുതലോ സാമ്പത്തിക മാന്ദ്യവും സാമ്പത്തിക പരിഭ്രാന്തിയും, പെട്രോളിയം പ്രതിസന്ധി, ഇൻഫ്ലുവൻസ, പകർച്ചവ്യാധികൾ, അപമാനിക്കപ്പെട്ട ഒരു പ്രസിഡന്റിന്റെ രാജി എന്നിവ അമേരിക്കയെ വലിയ സമ്മർദ്ദത്തിലാക്കി. എന്നിട്ടും ഡൗ ജോൺസ് സൂചിക കുതിച്ചു."

analysis of covid -19 impact in stock market and advise to investors in this crisis period by M V HAREESH
Author
Kochi, First Published Apr 20, 2020, 4:06 PM IST

നാം എപ്പോഴും ഒരു പുതിയ തുടക്കത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് അഭിമുഖീകരിക്കുക. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക വർഷാരംഭം തീർച്ചയായും ഒരു സമാരംഭം തന്നെയാണ്. ഈയവസരത്തിലാണ് ലോകമാകമാനം പിടിച്ചു കുലുക്കിയ കോവിഡ് 19 വൈറസിന്റെ പ്രഭാവം ലോക സാമ്പത്തിക അടിത്തറയിൽ അതിശക്തമായ ആഘാതം ഏൽപ്പിച്ചിരിക്കുന്നത്. നിക്ഷേപക സമൂഹം അതിനാൽ തന്നെ വളരെ വലിയ സംഭ്രമത്തിലുമാണ്. ഇത്തരം ആശങ്കകളെ വിലയിരുത്തുകയും അതിലേക്കായുള്ള പ്രായോഗിക മാർഗനിർദ്ദേശങ്ങൾ നൽകുവാനുമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഓഹരി നിക്ഷേപകർക്കുള്ള ചില ശുപാർശകൾ 

"മറ്റുള്ളവർ അത്യാഗ്രഹികളായിരിക്കുമ്പോൾ ഭയപ്പെടുക. എന്നാൽ, മറ്റുള്ളവർ ഭീരുക്കളാകുമ്പോൾ ഭയപ്പെടാതെ അത്യാഗ്രഹികളായി ആ അവസരം ഫലപ്രദമായി വിനിയോഗിക്കുക.” -വാറൻ ബഫെറ്റ്.

ഓഹരി നിക്ഷേപകർ (പൊതുവേ വാല്യു ഇൻവെസ്റ്റേഴ്സ്) അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കുവാൻ ഈ തത്ത്വചിന്ത മാർഗദീപമായി കണക്കാക്കി പോരുന്നു. അതിനാൽ തന്നെ നമുക്ക് മുന്നിലെ ഓഹരി നിക്ഷേപകരിലെ മകുടോദാഹരണമായ വാറൻ ബഫെറ്റ് മുന്നോട്ടു വച്ചിരുന്ന ചില ആശയങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് ഉചിതമായ തീരുമാനത്തിൽ എത്തിച്ചേരാൻ ശ്രമിക്കാം.

"ഭയം, അത്യാഗ്രഹം" എന്നിവ ഓഹരി വിപണിയിലെ നിക്ഷേപകരെ കാലാകാലങ്ങളായി ബാധിച്ചിരിക്കുന്ന മറ്റ് രണ്ട് പകർച്ചവ്യാധികളായാണ്  അദ്ദേഹം കണ്ടിരുന്നത്. തന്റെ ഓഹരി ഉടമകൾക്കുള്ള സുപ്രസിദ്ധമായ കത്തുകളിൽ 1987ൽ പ്രസ്തുത പരാമർശം അദ്ദേഹം നടത്തുകയുണ്ടായി.

analysis of covid -19 impact in stock market and advise to investors in this crisis period by M V HAREESH

 

ചരിത്രത്തിലെ ഏറ്റവും ഉയരത്തിലായിരുന്ന ഓഹരി വിപണി കേവലം ആഴ്ചകൾ കൊണ്ട് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും തൻമൂലം വൈകാരികമായി കരടികളുടെ കൈപ്പിടിയിലാകുകയും ചെയ്തിരിക്കുകയാണ്. ഈയവസരത്തിലാണ് മേൽ പറഞ്ഞ വാരൻ ബഫറ്റിന്റെ പ്രസിദ്ധമായ ഉദ്ധരണി പ്രസക്തമാകുന്നത്.

ഇതിനു മുൻപായി ഓഹരി വിപണി ചരിത്രത്തിലെ വൻ തകർച്ച നേരിട്ട വർഷമായിരുന്നു 2008. ലോക സാമ്പത്തിക വിപണിയിലെ അതിയന്ത്രിതമായ ചില നടപടികൾ വഴി ഉണ്ടായ തകർച്ചയുടെ പരിണിത ഫലമായ ദീർഘമായ ഒരു വീഴ്ചയായിരുന്നു അക്കാലത്ത് നാം അഭിമുഖീകരിച്ചത്. 2008 ഒക്ടോബറിൽ സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. (എസ് ആന്റ് പി 500 സൂചിക 20% താഴേക്ക് വീണു) ന്യൂയോർക്ക് ടൈംസിൽ തന്റെ എഡിറ്റോറിയലിൽ ബഫറ്റ് ഇപ്രകാരം എഴുതി... 

"ഇരുപതാം നൂറ്റാണ്ടിൽ, അമേരിക്ക രണ്ട് ലോകമഹായുദ്ധങ്ങളും ആഘാതകരവും ചെലവേറിയതുമായ സൈനിക സംഘട്ടനങ്ങളും സഹിച്ചു. ഒരു ഡസനോ അതിൽ കൂടുതലോ സാമ്പത്തിക മാന്ദ്യവും സാമ്പത്തിക പരിഭ്രാന്തിയും, പെട്രോളിയം പ്രതിസന്ധി, ഇൻഫ്ലുവൻസ, പകർച്ചവ്യാധികൾ, അപമാനിക്കപ്പെട്ട ഒരു പ്രസിഡന്റിന്റെ രാജി എന്നിവ അമേരിക്കയെ വലിയ സമ്മർദ്ദത്തിലാക്കി. എന്നിട്ടും ഡൗ ജോൺസ് സൂചിക ഒരു നൂറ്റാണ്ടിൽ 66 ൽ നിന്ന് 11,497 ആയി ഉയർന്നു. ഇതാണ്... വളരെ ചുരുക്കി പറഞ്ഞാൽ, ഓഹരി വിപണിയുടെ ആത്യന്തികമായ ശക്തി പ്രഭാവം." 

analysis of covid -19 impact in stock market and advise to investors in this crisis period by M V HAREESH

 

സമാനമായ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ നിക്ഷേപകർ പ്രത്യേകം ശ്രദ്ധയർപ്പിക്കേണ്ടതും പാലിക്കേണ്ടതുമായ ചില മുഖ്യമായ വസ്തുതകൾ ചുവടെ ചേർക്കട്ടെ: 

1. വിപണി തകർച്ച ഒരു അവസരമായി കാണുക 

വിപണിയുടെ തകർച്ച പല നല്ല വ്യവസായ സംരഭങ്ങളും വളരെ പ്രലോഭനാത്മകമായ വില നിലവാരത്തിൽ നമുക്ക് വാങ്ങുവാനുള്ള അവസരം ഒരുക്കിത്തരുന്നു. എന്നാൽ, ഓഹരി നിക്ഷേപകർക്ക് അത്യന്താപേക്ഷിതമായ "ക്ഷമ" എന്ന ഗുണം പ്രാവർത്തിക തലത്തിൽ കൊണ്ടുവരേണ്ട അവസരമാണ് ഇത്തരം സന്ദർഭങ്ങൾ.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതുമായി ബന്ധപ്പെട്ട എല്ലാ അനിശ്ചിതത്വങ്ങളും നിങ്ങളുടെ പക്കലുള്ള ഏതെങ്കിലും പണം ക്യാഷായി തന്നെ സൂക്ഷിക്കാൻ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. അത് ഭയപ്പെടുത്തുന്ന നിലപാടാണ്. വീണ്ടും ബഫെറ്റിനെ തന്നെ കടമെടുത്ത് പറയട്ടെ, " ഓഹരിയുടെ വിപണി വില കുറയുമ്പോൾ മൂലധനം വിന്യസിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്"

2. ഗുണനിലവാരത്തിനു വിലകൽപ്പിക്കുക

നിലവിലെ സ്റ്റോക്ക് മാർക്കറ്റ് കാലാവസ്ഥയെ ഒരു അവസരമായി നിങ്ങൾ കണ്ടുകഴിഞ്ഞാൽ, ഗുണനിലവാരമുള്ള ഓഹരികൾക്കായി തിരയാൻ ആരംഭിക്കുക. പൊതുവേ വിപണിയുടെ തകർച്ചയിൽ ഫാൻസി സ്റ്റോക്കുകൾ വളരെയേറെ താഴേക്ക് പതിക്കാറുണ്ട്. എന്നാൽ, ഇതൊരു അവസരമായി കണ്ട് വീണ്ടും അവയ്ക്കു പുറകേ പോകാതെ മൂലാധിഷ്ഠിതമായ നിക്ഷേപ സമ്പ്രദായത്തിലേക്ക് ശ്രദ്ധ ചെലുത്തുന്നതാണ് ഈ അവസരത്തിൽ അഭികാമ്യം.

കട ബാധ്യത കുറഞ്ഞ, സാമ്പത്തിക സുസ്ഥിരതയുള്ള, ധാര്‍മ്മികഗുണമേന്മ ഉയർത്തിപ്പിടിക്കുന്ന ഭരണനേതൃത്വമുള്ള, ലാഭക്ഷമതയേറിയ, വളർച്ചാ നിരക്ക് ഭാവിയിലും മുന്നോട്ട് വയ്ക്കാൻ സാധിക്കുന്ന, അതാത് വിപണിയിലെ മുൻനിര കമ്പനികളുടെ ഓഹരികളിൽ മുതൽ മുടക്കുവാൻ ഈ കാലയളവ് വിനിയോഗിക്കുക. 

കൈയ്യിലുള്ള ചില ഗുണപ്രദമല്ലാത്ത ഓഹരികൾ വച്ചൊഴിഞ്ഞ് മേൽ സൂചിപ്പിച്ച മൂല്യ വർദ്ധിത കമ്പനികളിലേക്ക് നിക്ഷേപം മാറ്റുവാൻ ഇതിലും നല്ലൊരവസരം വേറെയില്ല. അതിനാൽ തന്നെ "ലാഭനേട്ടത്തിന്റെ ശക്തമായ ചരിത്രവും പ്രബലമായ ബിസിനസ്സ് ഫ്രാഞ്ചൈസിയുമുള്ള കമ്പനികളെ വാങ്ങുക" എന്ന ബഫറ്റിന്റെ സമീപനം പിന്തുടരുകയെന്നതാണ് ഈ അവസരത്തിൽ ശുപാർശ ചെയ്യാനുളളത്. 

analysis of covid -19 impact in stock market and advise to investors in this crisis period by M V HAREESH

 

3. ഹ്രസ്വകാല ചാഞ്ചാട്ടങ്ങളിൽ ശ്രദ്ധയൂന്നി... ദീർഘകാലത്തേക്ക് ചിന്തിക്കുക

നിങ്ങൾ ഇപ്പോൾ എന്തുചെയ്യുമെന്നത് പ്രശ്നമല്ല, പക്ഷേ ദീർഘകാലത്തേക്ക് ചിന്തിച്ചു മാത്രം ഓഹരി നിക്ഷേപത്തെ അഭിമുഖീകരിക്കുക. "നിങ്ങൾ 10 വർഷമായി ഒരു സ്റ്റോക്ക് സ്വന്തമാക്കാൻ തയ്യാറല്ലെങ്കിൽ, 10 മിനിറ്റ് സ്വന്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്" എന്ന് ബഫറ്റ് പറഞ്ഞത് വസ്തുനിഷ്ഠമാണ്, ഒരു ഓഹരി നിക്ഷേപകനെ സംബന്ധിച്ചിടത്തോളം. 

2008 ൽ ബഫറ്റിന്റെ കാഴ്ചപ്പാട് ശരിയായിരുന്നു. ഇത് 2017 ൽ ബെർക്ക്‌ഷെയർ ഹാത്‌വേ ഓഹരി ഉടമകൾക്ക് അയച്ച കത്തിലൂടെ ശരി വയ്ക്കുന്നു. 2020 ൽ ഇത് ഇപ്പോഴും ശരിയായി തന്നെ ഉരുത്തിരിയാനാണ് നിലവിലെ ശക്തമായ സാധ്യതകൾ.

എന്നാൽ, ഹ്രസ്വകാല ചാഞ്ചാട്ടങ്ങളിൽ നിന്നു പൂർണമായും ബന്ധം വ്യതിചലിക്കുന്നതും ഒരു നല്ല നടപടിയല്ല എന്നു കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. കാരണം ഇപ്പോഴും വിപണി അതിന്റെ അടിത്തട്ടു കണ്ടെത്തിയിട്ടുണ്ടെന്ന വാദം നിലനിൽക്കുന്നതല്ല. അതിശക്തമായ അമേരിക്കൻ സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ഭാഗമായി ഉണ്ടായ പണലഭ്യതയുടെ കടന്നുകയറ്റമാകാം ഇപ്പോഴുണ്ടായ ഒരു തിരിച്ചു വരവ്. അതിനാൽ കൈവശമുള്ള നിക്ഷേപ സാധ്യമായ പണം പൂർണമായും നിക്ഷേപിക്കാതെ, പല തലത്തിൽ പടിപടിയായി വിന്യസിക്കുന്നത് അനുയോജ്യമായ ഒരു നിക്ഷേപതന്ത്രമാണ്. 

analysis of covid -19 impact in stock market and advise to investors in this crisis period by M V HAREESH

 

ഇതിൽ തന്നെ നിഫ്റ്റി സൂചികയുടെ പരിധി 8100, 7400, 6400 നു താഴെയുള്ള തലങ്ങളിൽ എന്നാൽ, നിര്‍ദ്ദിഷ്‌ടമായ ഓഹരികളിൽ നിക്ഷേപം നടത്തുന്നതോടൊപ്പം അനുയോജ്യ സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വിപണിയുടെ ഉയർച്ചയിൽ വിറ്റു മാറാനും സന്നദ്ധരാകുക. കാരണം ഈ മഹാമാരിക്ക് ഒരു മെഡിക്കൽ പ്രതിവിധി ആത്യന്തികമായി വികസിപ്പിച്ചെടുക്കുന്നതുവരെ ലോക വിപണിയുടെ ഒരു വൻ തിരിച്ചു വരവ് അസാധ്യമാണ്. 

ഈ വസ്തുത പ്രസക്തവും അവഗണിക്കാനാകാത്തതുമാണ്. ലോക വ്യാപാര -വ്യവഹാര വ്യവസ്ഥയുടെ വ്യവസ്ഥാപിതമായ മാർഗങ്ങളുടെ സമൂലമായ പരിവർത്തനമാണ് ഈ രോഗവ്യാപനം വരുത്തി വച്ചിരിക്കുന്നത്.

- എം വി ഹരീഷ്, ലേഖകൻ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും ഹെഡ്ജ് ഇക്വിറ്റീസിന്റെ വെൽത്ത് മാനേജ്മെന്റ് വിഭാ​ഗം ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമാണ്
 

Follow Us:
Download App:
  • android
  • ios