തീരുവ വര്‍ധനവിന്റെ ഭാരം അമേരിക്കയിലെ ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. 10 ശതമാനമുണ്ടായിരുന്ന അരിയുടെ തീരുവ 50 ശതമാനമായതോടെ കടകളില്‍ വില കുതിച്ചുയര്‍ന്നു.
ഇന്ത്യന്‍ അരിക്ക് അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുറഞ്ഞ വിലയുള്ള ഇന്ത്യന്‍ അരി അമേരിക്കന്‍ വിപണിയിലേക്ക് കയറ്റി അയയ്ക്കുന്നു എന്ന യുഎസ് കര്‍ഷകരുടെ പരാതിയെത്തുടര്‍ന്നാണ് ട്രംപിന്റെ ഈ നീക്കം. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലാകാന്‍ സാധ്യതയേറി. അമേരിക്കന്‍ കര്‍ഷകര്‍ക്ക് സഹായം പ്രഖ്യാപിക്കുന്നതിനായി വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമെ വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അരി ഇറക്കുമതിയും തദ്ദേശീയ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. 'അവര്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടേക്ക് ഡംപ് ചെയ്യാന്‍ പാടില്ല. അത് അനുവദിക്കില്ല, ഇക്കാര്യം ഞാന്‍ നോക്കിക്കോളാം'- ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്. പണപ്പെരുപ്പവും വിലയിടിവും മൂലം അമേരിക്കന്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
ഇന്ത്യയ്ക്ക് തിരിച്ചടി
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായക സമയത്താണ് ട്രംപിന്റെ ഈ പ്രഖ്യാപനം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50% തീരുവ ചുമത്തിയിരുന്നു. ഇത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഉദ്യോഗസ്ഥ സംഘം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് അരിയുടെ കാര്യത്തിലും അനിശ്ചിതത്വം നിഴലിക്കുന്നത്. പുതിയ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയേക്കും.
ട്രംപിന്റെ ഭീഷണി ഏശില്ലെന്ന് കയറ്റുമതിക്കാര്‍
ഇന്ത്യന്‍ അരിക്ക് അധിക നികുതി ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി കയറ്റുമതിയെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫെഡറേഷന്‍. നിലവില്‍ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയിട്ടും അമേരിക്കയിലേക്കുള്ള അരി കയറ്റുമതി കുറഞ്ഞിട്ടില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. നിലവില്‍ അമേരിക്കയില്‍ ഇന്ത്യന്‍ അരിക്ക് 50 ശതമാനമാണ് നികുതി. ഇത് 10 ശതമാനത്തില്‍ നിന്നാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയാണ് യുഎസ്. കഴിഞ്ഞ വര്‍ഷം ഏകദേശം 2.7 ലക്ഷം ടണ്‍ ബസുമതി അരിയാണ് കയറ്റുമതി ചെയ്തത്. ഇതിന്റെ മൂല്യം 37.4 കോടി ഡോളര്‍ (ഏകദേശം 3,366 കോടി രൂപ) വരും. ബസുമതി ഇതര അരിയുടെ കയറ്റുമതി 60,000 ടണ്‍ മാത്രമാണ്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരിയും ഇന്ത്യയില്‍ നിന്ന് പോകുന്ന അരിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യന്‍ അരി പ്രധാനമായും വാങ്ങുന്നത് അവിടെയുള്ള ഏഷ്യന്‍ പ്രവാസികളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവരുമാണ്. രുചിയിലുള്ള വ്യത്യാസം കാരണം അമേരിക്കന്‍ അരി ഇതിന് പകരമാകില്ല. അതുകൊണ്ട് തന്നെ നികുതി കൂടിയാലും ആളുകള്‍ ഇന്ത്യന്‍ അരി തന്നെ വാങ്ങുമെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.
കൈ പൊള്ളുന്ന വില
തീരുവ വര്‍ധനവിന്റെ ഭാരം അമേരിക്കയിലെ ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. 10 ശതമാനമുണ്ടായിരുന്ന അരിയുടെ തീരുവ 50 ശതമാനമായതോടെ കടകളില്‍ വില കുതിച്ചുയര്‍ന്നു. നേരത്തെ 13-14 ഡോളറിന് (ഏകദേശം 1,170 - 1,260 രൂപ) ലഭിച്ചിരുന്ന 10 പൗണ്ട് അരി പായ്ക്കറ്റിന് ഇപ്പോള്‍ 18-19 ഡോളര്‍ (ഏകദേശം 1,620 - 1,710 രൂപ) വരെയായി വില ഉയര്‍ന്നു.


