ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ കാര്‍ഡ് അസാധുവായ പ്രവാസികള്‍ക്ക് ആദായനികുതി നിയമപ്രകാരം ഇളവുണ്ട്. ഇവര്‍ പിഴയടച്ച് ലിങ്ക് ചെയ്യുന്നതിന് പകരം, തങ്ങളുടെ പ്രവാസി പദവി തെളിയിക്കുന്ന രേഖകളുമായി അസസിങ് ഓഫീസറെ സമീപിച്ച് പാന്‍ കാര്‍ഡ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാവുന്നതാണ്.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ കാര്‍ഡ് 'ഇന്‍ഓപ്പറേറ്റീവ്' (അസാധു) ആയതായി കണ്ട് ആശങ്കപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസം. 1,000 രൂപ പിഴയടച്ച് ആധാര്‍- പാന്‍ ലിങ്കിങ് നടത്തുന്നതിന് മുന്‍പ് നിങ്ങള്‍ അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ആദായനികുതി നിയമപ്രകാരം നിങ്ങള്‍ 'നോണ്‍-റസിഡന്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്.
ആധാര്‍- പാന്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് പ്രവാസികള്‍ക്ക് ഇളവ്
ആദായനികുതി വകുപ്പിന്റെ നിലവിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് പാനും ആധാറും നിര്‍ബന്ധമായും ബന്ധിപ്പിക്കേണ്ടതില്ല. പ്രവാസികള്‍ക്ക് പുറമെ, മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 80 വയസോ അതിനു മുകളിലോ പ്രായമുള്ളവര്‍, അസം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ എന്നിവര്‍ക്കും ഈ നിബന്ധനയില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട്, പാന്‍ കാര്‍ഡ് അസാധുവാണെന്ന് കണ്ടാല്‍ ഉടന്‍ തന്നെ അത് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സിഗ്‌നലായി പ്രവാസികള്‍ കണക്കാക്കേണ്ടതില്ല. ഇതിനായി ആദായനികുതി വകുപ്പ് പ്രവാസികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പാന്‍ കാര്‍ഡ് അസാധുവായാല്‍ പ്രവാസികള്‍ എന്തുചെയ്യണം?
2023 ജൂലൈയില്‍ ആദായനികുതി വകുപ്പ് പുറത്തിറക്കിയ വിശദീകരണം അനുസരിച്ച്, ഒരു പ്രവാസിയുടെ പാന്‍ കാര്‍ഡ് ഇന്‍ഓപ്പറേറ്റീവ് ആണെങ്കില്‍, അവര്‍ തങ്ങളുടെ പ്രവാസി പദവി തെളിയിക്കുന്ന രേഖകള്‍ സഹിതം അതത് ജൂറിസ്ഡിക്ഷണല്‍ അസസിങ് ഓഫീസറെ വിവരം അറിയിക്കുകയാണ് വേണ്ടത്. വിദേശത്ത് താമസിക്കുന്നു എന്നത് കൊണ്ട് മാത്രം ഈ ഇളവ് ലഭിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി നിയമപ്രകാരം 'നോണ്‍-റസിഡന്റ്' പദവിക്ക് അര്‍ഹതയുള്ളവരായിരിക്കണം. നിയമപ്രകാരം ഈ ഇളവിന് അര്‍ഹരായവര്‍ക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകൂ.
അസസിങ് ഓഫീസറെ എങ്ങനെ കണ്ടെത്താം?
ആദായനികുതി വകുപ്പിന്റെ ഇ- ഫയലിങ് പോര്‍ട്ടലിലെ 'Know Your AO' എന്ന സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ ജൂറിസ്ഡിക്ഷണല്‍ അസസിങ് ഓഫീസറെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതിനായി പോര്‍ട്ടലില്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ലോഗിന്‍ ചെയ്യുകയോ വേണ്ടതില്ല.
പാന്‍ അസാധുവായാല്‍ നികുതി റീഫണ്ടിനെ ബാധിക്കുമോ?
ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമുള്ളവരാണെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവാകുന്നത് നികുതി റീഫണ്ട് തടഞ്ഞുവെക്കാന്‍ കാരണമാകും. നിലവിലെ നിര്‍ദേശപ്രകാരം 1,000 രൂപ പിഴയടച്ച് ഇവര്‍ ലിങ്കിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ 2026-ലെ ആദായനികുതി വകുപ്പിന്റെ അറിയിപ്പുകള്‍ പ്രകാരം, ആധാര്‍-പാന്‍ ലിങ്കിങ്ങില്‍ നിന്ന് ഇളവ് ലഭിച്ച വ്യക്തികള്‍ക്ക് ഇത്തരം നടപടികള്‍ ബാധകമല്ല.
എങ്കിലും, ആധാര്‍ ലിങ്ക് ചെയ്യുന്നതിന് പകരം, പ്രവാസികള്‍ തങ്ങളുടെ എന്‍ആര്‍ഐ പദവി തെളിയിച്ച് പാന്‍ കാര്‍ഡ് വീണ്ടും ആക്ടീവ് ആക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരോ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന് നികുതി നല്‍കുന്നവരോ ആയ പ്രവാസികള്‍ക്ക് ഇത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം ഭാവിയില്‍ നികുതി സംബന്ധമായ ഇടപാടുകളില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടേക്കാം.
സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാം?
പാന്‍ കാര്‍ഡ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി പ്രവാസികള്‍ക്ക് താഴെ പറയുന്ന രേഖകള്‍ അസസിങ് ഓഫീസര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കാം:
- പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
- വിദേശത്തെ താമസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും പ്രവാസി പദവി വ്യക്തമാക്കുന്ന മറ്റ് രേഖകളും.
- ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ പിഐഒ കാര്‍ഡ്.
- ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഒസിഐ കാര്‍ഡ്.


