പ്രമുഖ ഇന്ത്യന്‍ ബാങ്കുകളും എന്‍ആര്‍ഐ പേഴ്‌സണല്‍ ലോണ്‍ വിവരങ്ങളും

പ്രതീക്ഷിതമായ ചിലവുകള്‍, വീട് നിര്‍മാണം, അല്ലെങ്കില്‍ കുടുംബപരമായ മറ്റ് ആവശ്യങ്ങള്‍ എന്നിങ്ങനെ പ്രവാസികള്‍ക്ക് പെട്ടെന്നൊരു ആവശ്യം വന്നാല്‍ ഇന്ത്യയില്‍ പേഴ്‌സണല്‍ ലോണ്‍ ലഭിക്കുമോ? തീര്‍ച്ചയായും ലഭിക്കും. എന്നാല്‍ ചില നിബന്ധനകളും വ്യവസ്ഥകളും ഇതിനുണ്ടാകും. എല്ലാ ബാങ്കുകളില്‍ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമല്ല.

പ്രമുഖ ഇന്ത്യന്‍ ബാങ്കുകളും എന്‍ആര്‍ഐ പേഴ്‌സണല്‍ ലോണ്‍ വിവരങ്ങളും:

  • എച്ച്ഡിഎഫ്‌സി ബാങ്ക്: 40 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. പലിശ നിരക്ക് 10.9% മുതല്‍ 24% വരെയാണ്. പ്രോസസ്സിംഗ് ഫീസ് 6500 രൂപയാണ്. തിരിച്ചടവ് കാലാവധി 6 വര്‍ഷം വരെയാണ്.
  • ആക്‌സിസ് ബാങ്ക്: 10 ലക്ഷം രൂപ വരെ ലോണ്‍ നല്‍കുന്നു. പലിശ നിരക്ക് 10.49% മുതല്‍ 22% വരെയും പ്രോസസ്സിംഗ് ഫീസ് 2% വരെയും ആകാം. തിരിച്ചടവ് കാലാവധി 6 വര്‍ഷം വരെയാണ്.
  • കൊട്ടക് മഹീന്ദ്ര ബാങ്ക്: 35 ലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാണ്. പലിശ നിരക്ക് 10.99% മുതല്‍ 16.9% വരെയും പ്രോസസ്സിംഗ് ഫീസ് 5% വരെയും വരും. ലോണ്‍ കാലാവധി 6 വര്‍ഷം വരെയാണ്.
  • ഐസിഐസിഐ ബാങ്ക്: 50 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് 10.8% മുതല്‍ 16.5% വരെയാണ്. പ്രോസസ്സിംഗ് ഫീസ് 2% വരെ വരും, തിരിച്ചടവ് കാലാവധി 1 മുതല്‍ 6 വര്‍ഷം വരെയാണ്.
  • യെസ് ബാങ്ക്: 40 ലക്ഷം രൂപ വരെ ലോണ്‍ നല്‍കുന്നു. പലിശ നിരക്ക് 11.25% മുതല്‍ 21% വരെയും പ്രോസസ്സിംഗ് ഫീസ് 0% മുതല്‍ 2.5% വരെയും ആകാം. തിരിച്ചടവ് കാലാവധി 5 വര്‍ഷം വരെയാണ്.
  • ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: 50 ലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാണ്. പലിശ നിരക്ക് 10.49% മുതല്‍ 26% വരെയാണ്. പ്രോസസ്സിംഗ് ഫീസും ഇതേ നിരക്കില്‍ (10.49% - 26%) വരും. തിരിച്ചടവ് കാലാവധി 1 മുതല്‍ 7 വര്‍ഷം വരെയാണ്.
  • എഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: 10 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. പലിശ നിരക്ക് 10.7% മുതല്‍ 23.9% വരെയാണ്. പ്രോസസ്സിംഗ് ഫീസ് 2% വരെ വരും, ലോണ്‍ കാലാവധി 6 വര്‍ഷം വരെയാണ്.

എന്‍ആര്‍ഐ പേഴ്‌സണല്‍ ലോണിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍:

ഓരോ ബാങ്കിനും അതിന്റേതായ നിബന്ധനകള്‍ ഉണ്ടെങ്കിലും, സാധാരണയായി താഴെ പറയുന്നവയാണ് പ്രധാന മാനദണ്ഡങ്ങള്‍:

  • റെസിഡന്‍സി: അപേക്ഷകന്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഒരു ഇന്ത്യന്‍ പൗരനായിരിക്കണം.
  • പ്രായം: 21 വയസ്സിനും 60 വയസ്സിനും ഇടയിലായിരിക്കണം.
  • തൊഴില്‍: കഴിഞ്ഞ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ വിദേശത്തെ ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്തിരിക്കണം.
  • വരുമാനം: സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം (സാധാരണയായി 25,000 രൂപയില്‍ കൂടുതലോ മറ്റ് കറന്‍സിയില്‍ അതിന് തുല്യമോ).
  • സഹ-അപേക്ഷകന്‍: പല ബാങ്കുകളും ഇന്ത്യയില്‍ താമസിക്കുന്ന ഒരു സഹ-അപേക്ഷകനെ ആവശ്യപ്പെടാറുണ്ട്.

ആവശ്യമുള്ള രേഖകള്‍:

ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടെങ്കിലും പൊതുവായി ആവശ്യമായ രേഖകള്‍ ഇവയാണ്:

  • നിലവിലുള്ള പാസ്‌പോര്‍ട്ടും വിസയും.
  • വിദേശത്ത് താമസിക്കുന്നതിന്റെ തെളിവ്.
  • നിലവിലുള്ളതോ ഏറ്റവും പുതിയതോ ആയ ശമ്പള സ്ലിപ്പുകളും തൊഴില്‍ കരാറും.
  • NRE/NRO അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റ്.
  • പാന്‍ കാര്‍ഡ്.
  • ഇന്ത്യയിലെ സഹ-അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസവും.