കൊച്ചി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രധാനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന് നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ മികച്ച ലാഭം. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സെപ്തംറിൽ അവസാനിച്ച രണ്ടാം പാദ ലാഭം 206.33 കോടിയാണ്. 40.3 ശതമാനമാണ് ലാഭത്തിലുണ്ടായ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 147.05 കോടിയായിരുന്നു ഷിപ്പ്‌യാർഡിന്റെ ലാഭം.

മുംബൈ സ്റ്റോക് എക്‌സ്ചേഞ്ചിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷിപ്പ്‌യാർഡിന്റെ വരുമാനം ഈ സാമ്പത്തിക പാദത്തിൽ 1050.8 കോടിയായി ഉയർന്നു. 22.8 ശതമാനമാണ് വളർച്ച.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 855.28 കോടിയായിരുന്നു വരുമാനം. അന്ന് ആകെ ചെലവ് 623.58 കോടിയായിരുന്നു. ഇത് 789.61 കോടിയായി ഇക്കുറി ഉയർന്നു.

രാജ്യത്തെ കപ്പൽ നിർമ്മാണ ശാലകളിൽ പ്രധാനിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. മികച്ച ലാഭം നേടിയതോടെ ഓഹരി ഉടമകൾക്ക് 16.3 ശതമാനം ഡിവിഡന്റാണ് ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പത്ത് രൂപയുടെ ഇക്വിറ്റി ഷെയർ ഉള്ളവർക്ക് 1.63 രൂപയാണ് ഡിവിഡന്റായി ലഭിക്കുക.