കൊച്ചി: മുൻപ് കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബി ബാങ്കും ഓഹരി വിപണിയിലേക്ക് കടന്നിരിക്കുന്നു. മൂലധനത്തിന്റെ കുറവ് മൂലം
ഓഹരി വിപണിയിലേക്ക് വന്ന ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 410 കോടിരൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് രൂപയുടെ ഓഹരികൾ പ്രാഥമിക ഓഹരി വിൽപ്പനയിൽ 193-195 രൂപയ്ക്ക് വാങ്ങാമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നാണ് ഓഹരികൾ വാങ്ങാനുള്ള സന്നദ്ധത അറിയിക്കേണ്ടത്. നവംബർ 26 വരെ ഇതിന് സമയമുണ്ട്.

ഏറ്റവും കുറഞ്ഞത് 75 ഓഹരികൾക്ക് അപേക്ഷിക്കണം എന്ന നിബന്ധനയാണ് കമ്പനി വച്ചിരിക്കുന്നത്. അല്ലെങ്കിൽ 75 ന്റെ ഗുണിതങ്ങളായി വേണം അപേക്ഷിക്കാൻ. ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ ആക്‌സിസ് ക്യാപിറ്റലും ഐഐഎഫ്എൽ സെക്യൂരിറ്റീസുമാണ്. 

ചെറുകിട നിക്ഷേപകർക്ക് 10 ശതമാനവും സ്ഥാപനേതര നിക്ഷേപകർക്ക് 15 ശതമാനവും ഓഹരികളാണ് നീക്കിവച്ചിരിക്കുന്നത്. ഇവർ അസ്ബ വഴിയാകണം അപേക്ഷിക്കേണ്ടത്. ബാക്കി 75 ശതമാനം ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനാ(ക്യുഐപി)ണ്.

ദക്ഷിണേന്ത്യയിൽ കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലും ശക്തമായ സാന്നിധ്യമുള്ള ബാങ്കാണ് സിഎസ്ബി. എന്നാൽ ബാങ്കിന്റെ ശാഖകളിൽ 65 ശതമാനവും നിക്ഷേപത്തിലെ 66.7 ശതമാനവും കേരളത്തിലാണ്. പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തൊട്ട് മുൻപ് 24 ആങ്കർ ഇൻവസ്റ്റർമാരിൽ
നിന്നായി ബാങ്ക് 184 കോടി രൂപ സമാഹരിച്ചിരുന്നു.

ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍  ബാങ്കിന്റെ വരുമാനം 817 കോടി രൂപയും ലാഭം 44.3 കോടി രൂപയുമാണ്. 98 വർഷത്തെ പ്രവർത്തന പരിചയമുള്ള
ബാങ്കിന് 13 ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്. ഇന്ത്യയിൽ ഏറ്റവും പ്രായമേറിയ സ്വകാര്യ ബാങ്കുകളിലൊന്നാണ് സിഎസ്ബി. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ
ബാങ്ക് ആന്റ് എഡെൽവൈസ് ടോക്യോ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവർ തങ്ങളുടെ മുഴുവൻ ഓഹരികളും വിറ്റഴിക്കും.